ന്യൂഡല്‍ഹി: രണ്ടാഴ്ചയോളമായി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന സമരം ഒടുവില്‍ ഫലം കണ്ടു. ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിച്ചു. ജെ.എന്‍.യു എക്‌സിക്യുട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം. വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മറ്റു പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ക്ലാസിലേക്ക് മടങ്ങാന്‍ സമയമായെന്നും ആര്‍.സുബ്രഹ്മണ്യം തന്റെ ട്വീറ്റില്‍ കുറിച്ചു.

ഹോസ്റ്റല്‍ ഫീസില്‍ വര്‍ധനവ് വരുത്തിയതിനെതിരെ ബുധനാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫീസ് ഫര്‍ധവ് പിന്‍വലിച്ച് കൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്. അതേ സമയം ട്യൂഷന്‍ ഫീസ് വര്‍ധനയടക്കം എല്ലാ ആവശ്യങ്ങളും അംഗീകരിക്കാതെ സമരം പിന്‍വലിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.

കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ക്യാമ്പസിന് പുറത്തായിരുന്ന നടന്നത്. ഇടത്പക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയിരുന്നത്. ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എബിവിപിയും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പ്രൊഖ്രിയാല്‍ മണിക്കൂറുകളോളം ക്യാമ്പസില്‍ കുടുങ്ങിയിരുന്നു.

Content Highlights: JNU rolls back hike in hostel fee-After student protest