ഹൈദരാബാദ്: എന്‍ജിനീയറിങ് അവസാനവര്‍ഷ വിദ്യാര്‍ഥികളില്‍ പലര്‍ക്കും സര്‍വകലാശാല പൂജ്യം മാര്‍ക്ക് നല്‍കിയതായി പരാതി. ഹൈദരാബാദ് ജവഹര്‍ലാല്‍ നെഹ്‌റു സാങ്കേതിക സര്‍വകലാശാല(ജെഎന്‍ടിയുഎച്ച്)യാണ് അവസാനവര്‍ഷ പരീക്ഷയില്‍ വിദ്യാര്‍ഥികളെ സംപൂജ്യരാക്കിയത്. പുനര്‍മൂല്യനിര്‍ണയത്തിനായി ഓരോ പരീക്ഷാപേപ്പറിനും 1000 രൂപ വീതം ഫീസിനത്തില്‍ നല്‍കണമെന്ന് സര്‍വകലാശാല ആവശ്യപ്പെട്ടതായും പരാതിയുയര്‍ന്നിട്ടുണ്ട്. 

മൂല്യനിര്‍ണയത്തിലെ പിഴവാണ് പൂജ്യം മാര്‍ക്കിന് പിന്നിലെന്നാണ് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിട്ടുണ്ടെന്നും പൂജ്യം മാര്‍ക്ക് ലഭിക്കാനിടയില്ലെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നും ഗുരു നാനാക്ക് എന്‍ജിനീയറിങ് ഇന്‍സ്റ്റിട്യൂട്ടിലെ ഒരു വിദ്യാര്‍ഥി പ്രതികരിച്ചു. ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ സന്ദര്‍ഭമാണിതെന്നും വിദ്യാര്‍ഥി കൂട്ടിച്ചേര്‍ത്തു. 

പുനര്‍ മൂല്യനിര്‍ണയത്തിന് ശേഷവും പാസ്മാര്‍ക്ക് ലഭിച്ചില്ലെങ്കില്‍ ഒരു അധ്യയനവര്‍ഷം നഷ്ടമാകുമെന്ന വിഷമത്തിലാണ് വിദ്യാര്‍ഥികള്‍. വീണ്ടും പരീക്ഷയെഴുതാന്‍ ഇവര്‍ക്ക് ഒരു കൊല്ലം കാത്തിരിക്കേണ്ടി വരും. ആവറേജോ അതിലധികമോ മാര്‍ക്ക്് ലഭിക്കാത്ത വിദ്യാര്‍ഥികളില്‍ ഭൂരിഭാഗത്തിനും പൂജ്യം മാര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. 

കോവിഡ് കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് 0.15 ശതമാനം ഗ്രേസ് മാര്‍ക്ക് കൂടി നല്‍കുമെന്ന് സര്‍വകലാശാല അറിയിച്ചിരുന്നു. എന്നാല്‍ പൂജ്യം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഈ ഗ്രേസ് മാര്‍ക്ക് ഒരു വിധത്തിലും പ്രയോജനപ്രദമാകില്ല. പൂജ്യം മാര്‍ക്കിനൊപ്പം സര്‍വകലാശാല നല്‍കുന്ന ഗ്രേസ് മാര്‍ക്ക് കൂട്ടിയാല്‍ പരീക്ഷ പാസാവുന്നതിനാവശ്യമായ 45 മാര്‍ക്ക് ലഭിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. 

മാര്‍ക്ക് കുറഞ്ഞ കാരണത്താല്‍ രണ്ടോ മൂന്നോ വിഷയങ്ങളില്‍ ചില വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടതായും ഗ്രേസ് മാര്‍ക്ക് കൂട്ടിച്ചേര്‍ക്കുന്നതോടെ ഈ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ പാസാവാന്‍ കഴിയുമെന്നുമാണ് സര്‍വകലാശാലയുടെ ഭാഷ്യം. കൂട്ടത്തോല്‍വിയെ തുടര്‍ന്ന് സാമൂഹികമാധ്യമങ്ങളിലൂടെ വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.  

 

JNTUH final year students in tears over zero marks