ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് ജിതിന്‍ പ്രസാദ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ജോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ കോണ്‍ഗ്രസ് വിടുന്ന രണ്ടാമത്ത് ശക്തനായ നേതാവാണ് 47കാരനായ ജിതിന്‍ പ്രസാദ.

അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനേറ്റ കനത്ത പ്രഹരമായാണ് ജിതിന്‍ പ്രസാദയുടെ കൂറുമാറ്റം വിലയിരുത്തപ്പെടുന്നത്. നേരത്തെ 2019ല്‍ ജിതിന്‍ പ്രസാദ പാര്‍ട്ടി വിടുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും അദ്ദേഹം അത് നിഷേധിച്ചിരുന്നു. പാര്‍ട്ടിയില്‍ തുടരുന്നത് സംബന്ധിച്ച് പ്രിയങ്ക ഗാന്ധി അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നുവെന്നായിരുന്നു ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍.

നേരത്തെ കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ജിതിന്‍ പ്രസാദ അടക്കമുള്ളവര്‍ കത്തയച്ചിരുന്നു. അഞ്ച് മുന്‍ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍ തുടങ്ങി 23 ഓളം കോണ്‍ഗ്രസ് നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്. 

ഇതിനെതിരേ പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ കത്ത് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ജിതിന്‍ പ്രസാദ പറഞ്ഞിരുന്നു. നേതൃമാറ്റം എന്ന ഉദ്ദേശത്തോടെയല്ല കത്തെഴുതിയതെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയായിരുന്നു കത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കത്തെഴുതിയ എല്ലാ നേതാക്കള്‍ക്കുമെതിരെ നടപടി വേണമെന്നും ജിതിന്‍ പ്രസാദയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ഒരു കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു.

Content Highlights: Jitin Prasada, Once Close To Rahul Gandhi, Joins BJP Ahead Of UP Polls