ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിനോട് പ്രതികരിച്ച് കോണ്‍ഗ്രസ്. ജിതിന്‍ പ്രസാദ കോണ്‍ഗ്രസിനെ വഞ്ചിച്ചുവെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് കുമാര്‍ ലല്ലു പത്രസമ്മേളനത്തില്‍ പറഞ്ഞു. 

"ജിതിന്‍ പ്രസാദ ഞങ്ങളോടൊപ്പമുണ്ടായിരുന്നപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തിന് സുപ്രധാന സ്ഥാനങ്ങള്‍ നല്‍കി. ഓരോ തവണയും ഞങ്ങള്‍ അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പാര്‍ട്ടി എങ്ങനെ കുറ്റക്കാരാകും ?"- അജയ് കുമാര്‍ ലല്ലു പറഞ്ഞു.

പാര്‍ട്ടി നിങ്ങള്‍ക്ക് വളരെയധികം തന്നിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയോട് വിശ്വസ്തത പുലര്‍ത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും അജയ് ലാലു കൂട്ടിച്ചേര്‍ത്തു. സംസ്ഥാനം തിരിച്ചുപിടിക്കാന്‍ ജനപ്രിയ നേതാക്കളെ തിരിച്ചറിയുകയും കൂടെ നിര്‍ത്തുകയും വേണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷണോയും പറഞ്ഞു. 

അതേസമയം, കോണ്‍ഗ്രസുമായി കുടുംബത്തിന് മൂന്ന് തലമുറ ബന്ധം ഉണ്ടായിരുന്നിട്ടും പാര്‍ട്ടി വിടാനുള്ള തീരുമാനം നന്നായി ചിന്തിച്ച ഒന്നായിരുന്നുവെന്ന് ജിതിന്‍ പ്രസാദ പറഞ്ഞു. കഴിഞ്ഞ എട്ട്, പത്ത് വര്‍ഷങ്ങളില്‍ എനിക്ക് തോന്നിയത് യഥാര്‍ത്ഥത്തില്‍ ഒരു ദേശീയ പാര്‍ട്ടി ഉണ്ടെങ്കില്‍ അത് ബിജെപിയാണ്. മറ്റ് പാര്‍ട്ടികള്‍ പ്രാദേശികമാണെങ്കില്‍ ഇത് ദേശീയ പാര്‍ട്ടിയാണ്. ബാക്കിയുള്ളവ വ്യക്തികളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പ്രസാദ പറഞ്ഞു. 

" ഞാന്‍ ഉണ്ടായിരുന്ന പാര്‍ട്ടി ആളുകളെ സഹായിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ലെന്ന് എനിക്ക് തോന്നി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ മനസ്സിലാക്കി. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനോ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനോ കഴിയുന്നില്ലെങ്കില്‍ ഒരു പാര്‍ട്ടിയില്‍ തുടരുന്നതിന്റെ പ്രസക്തി എന്താണ്."- പ്രസാദ ചോദിച്ചു. 

Content Highlights: Jitin Prasada betrayed Congress; we gave him ticket, too bad he lost elections: UP Congress chief Ajay Lallu