കോഴിക്കോട്: കേരളത്തില്‍ എല്‍.ഡി.എഫ് പ്രതിപക്ഷത്തല്ലെന്ന് സഖ്യകക്ഷികള്‍ ഓര്‍ക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ജിഷ്ണു പ്രണോയ് വിഷയത്തില്‍ സി.പി.ഐ നിലപാട് ചൂണ്ടിക്കാട്ടിയപ്പോള്‍ ആയിരുന്നു പ്രതികരണം. തര്‍ക്കവിഷയങ്ങള്‍ സി.പി.ഐ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജിഷ്ണു പ്രണോയ് കേസില്‍ സര്‍ക്കാര്‍ മതിയായ നടപടി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. മറ്റ് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.

വിഷയത്തില്‍ സമൂഹ മാധ്യമത്തിലൂടെയുള്ള പി.ബി അംഗം എം.എ ബേബിയുടെ പ്രതികരണം പൊതു അഭിപ്രായം മാത്രമാണ്. ഡി.ജി.പിയെ മാറ്റണമെന്ന് സി.പി.എം കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ല. തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും കാരാട്ട് പറഞ്ഞു.