അഹമ്മദാബാദ്: എംഎല്‍എയായ ശേഷമുള്ള ആദ്യദിനത്തിലെ സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശനം വീഡിയോ ട്വീറ്റാക്കി ദളിത് നേതാവ് ജിഗ്നേഷ് മേവാനി. പൊതുജനങ്ങള്‍ക്കുവേണ്ടി അപേക്ഷ സമര്‍പ്പിക്കാന്‍ കളക്ട്രേറ്റിലെതത്തിയ വീഡിയോയാണ് മേവാനി ട്വീറ്റ് ചെയ്തത്. 

സ്വന്തം മണ്ഡലമായ വാദ്ഗാമിലെ റോഡ്‌നിര്‍മ്മാണത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനാണ് രാവിലെ മേവാനി പാലന്‍പൂര് ജില്ലാകളക്ട്രേറ്റിലെത്തിയത്. കളക്ട്രേറ്റ് സന്ദര്‍ശനത്തിന്റെ വീഡിയോയും സമര്‍പ്പിച്ച അപേക്ഷയുടെ ഫോട്ടോയും മേവാനി പിന്നീട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ് വൈറലായത്. ആദ്യദിനം,ആദ്യഷോ എന്ന തലക്കെട്ടോടെയായിരുന്നു മേവാനിയുടെ ട്വീറ്റ്.

ബനസ്‌കന്ത ജില്ലയിലെ വാദ്ഗാമില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥി വിജയ് ചക്രവര്‍ത്തിക്കെതിരെ 19,969 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ജിഗ്നേഷ് മേവാനി തിരഞ്ഞെടുക്കപ്പെട്ടത്. സ്വതന്ത്രനായി മത്സരിച്ച മേവാനിയെ കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും പിന്തുണച്ചിരുന്നു.