ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. നരേന്ദ്രമോദി ചതിയനാണെന്നാണ് ട്വീറ്റില്‍ മേവാനി ആരോപിച്ചിരിക്കുന്നത്.

'ആരാണ് 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്? ആരാണ് രണ്ട് കോടി ജനങ്ങള്‍ക്ക് ജോലി വാഗ്ദാനം ചെയ്തത്? തീവ്രവാദത്തെ ഉന്മൂലനം ചെയ്യുമെന്ന് ആരാണ് ഉറപ്പ് നല്‍കിയത്? പെട്രോള്‍,ഡീസല്‍, പാചകവാതകവില ഉയര്‍ത്തില്ലെന്ന് ആരാണ് ഉറപ്പ് തന്നത്? ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സുരക്ഷ ഉറപ്പ് നല്‍കിയത് ആരാണ്? കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്ന് വാഗ്ദാനം ചെയ്തത് ആരാണ്? മോദി ഇന്ത്യക്കാരെ ചതിച്ചു.' ജിഗ്നേഷ് മേവാനി ട്വീറ്റില്‍ കുറിച്ചു.

വാദ്ഗാമില്‍ നിന്ന് ബിജെപിയെ തോല്‍പ്പിച്ച് നിയമസഭയിലെത്തിയ മേവാനി തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം പ്രതികരിച്ചത് മോദി രാഷ്ട്രീയമവസാനിപ്പിച്ച് ഹിമാലയത്തിലേക്ക് പോകണമെന്നായിരുന്നു. ഈ പ്രസ്താവന വിവാദമാകുകയും ചെയ്തിരുന്നു.