ഗാന്ധിനഗർ: ലോകത്തിലെ ഏറ്റവും വലിയ മിസ്ഡ്കാള്‍ പാര്‍ട്ടിയായ ബിജെപി തമിഴ്‌നാട്ടില്‍ നേടിയ വോട്ടുകളെ പരിഹസിച്ച് ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി.

മിസ്ഡ്കാളിലൂടെ ബിജെപി പാര്‍ട്ടിക്ക് അംഗങ്ങളായി തമിഴ്‌നാട്ടില്‍ 50 ലക്ഷം പേരെ ലഭിച്ചിട്ടും ആര്‍കെ നഗര്‍ മണ്ഡലത്തില്‍ അവർക്ക് ലഭിച്ച വോട്ടുകള്‍ നോട്ടയേക്കാൾ പിന്നിലാണെന്നും ജിഗ്നേഷ് പരിഹസിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ജിഗ്നേഷ് ബിജെപിയെ രൂക്ഷമായി പരിഹസിച്ചത്.

'ലോകത്തിലെ ഏറ്റവും വലിയ മിസ്ഡ് കാള്‍ പാര്‍ട്ടിക്ക് തമിഴ്‌നാട്ടില്‍ നിന്ന് ലഭിച്ചത് 50 ലക്ഷം മിസ്ഡ്കാളുകളാണ്. പക്ഷെ നേടിയത് വെറും 1417 വോട്ടുകളും. അതാവട്ടെ 2373 നോട്ട വോട്ടുകളേക്കാള്‍ പിന്നിലും' ജിഗ്നേഷ് ട്വിറ്ററിൽ കുറിച്ചു .

തമിഴ് രുചി ചേര്‍ന്ന ഊത്തപ്പം അവര്‍ക്ക് ദഹിക്കുമെന്ന് കരുതുന്നുവെന്നും ജിഗ്നേഷ് പരിഹസിച്ചു.

ബിജെപിയില്‍ അംഗത്വം നേടാന്‍ നിശ്ചിത നമ്പറിലേക്ക് മിസ്ഡ് കാള്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു അമിത്ഷാ മുമ്പ് പറഞ്ഞിരുന്നത്. ഇതിന്റെ ഭാഗമായി ലഭിച്ച മിസ്ഡ്‌കോളുകളുടെ അടിസ്ഥാനത്തില്‍ 8.8 കോടി അംഗങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ബിജെപിയെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു.