അഹമ്മദാബാദ്: ഗുജറാത്തിലെ ജനവിരുദ്ധ സര്‍ക്കാരിനെ താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗുജറാത്ത് ദളിത് വിഭാഗക്കാര്‍ക്ക് നരകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദളിത് വിഭാഗക്കാര്‍ക്ക് ഒരു ആനുകൂല്യവും കിട്ടിയിട്ടില്ല.

ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയാണ് ഗുജറാത്ത് മോഡല്‍ വികസനം. ബി.ജെ.പിക്കെതിരായ പോരാട്ടമാണ് പട്ടീദാര്‍ സമുദായം അടക്കമുള്ളവരുമായി യോജിച്ച് പോരാട്ടം നടത്താന്‍ ദളിത് വിഭാഗക്കാരെ പ്രേരിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.

വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനായി മഹാസഖ്യം രൂപവത്കരിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങിയിരുന്നു. ജെ.ഡി.യു. വിമതനേതാവ് ഛോട്ടു വാസവ, പട്ടീദാര്‍ സമരസമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍, ഒ.ബി.സി. നേതാവ് അല്‍പേഷ് ഠാക്കൂര്‍, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി എന്നിവര്‍ ഗുജറാത്ത് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജിഗ്നേഷ് മേവാനിയുടെ പരാമര്‍ശം.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത ഗുജറാത്ത് സന്ദര്‍ശനത്തില്‍ മഹാസഖ്യം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായേക്കും. നവംബര്‍ ആദ്യവാരം ദക്ഷിണ ഗുജറാത്ത് സന്ദര്‍ശിക്കാനാണ് രാഹുലിന്റെ പരിപാടി.