റാഞ്ചി: ബംഗ്ലാദേശിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിന്ന് 50,000 വയല്‍ റെംഡെസിവിര്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇറക്കുമതി നടത്താന്‍ എത്രയും വേഗത്തില്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ കേന്ദ്രമന്ത്രി ഡിവി സദാനന്ദ് ഗൗഡയ്ക്ക് കത്തെഴുതി. 

കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ സാധിച്ചതിനാലും ഹെര്‍ഡ് ഇമ്യൂണിറ്റി ആര്‍ജിച്ചതിനാലും കോവിഡിന്റെ രണ്ടാംതരംഗം ചെറിയ പ്രശ്‌നങ്ങള്‍ മാത്രമേ സൃഷ്ടിക്കൂവെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിന് വിപരീതമായി രോഗികളില്‍ ഭൂരിഭാഗം പേരും ഗുരുതര ലക്ഷണങ്ങളാണ് കാണിക്കുന്നത്, പലരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വരുന്നു. ചികിത്സയും ആവശ്യമായി വരുന്നുണ്ട്. കോവിഡ് 19 ചികിത്സയിലെ ഒരു പ്രധാന മരുന്നാണ് റെംഡെസിവിര്‍.നിര്‍ഭാഗ്യവശാല്‍ ജാര്‍ഖണ്ഡില്‍ റെംഡെസിവിറിന്റെ ക്ഷാമം നേരിടുകയാണ്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ റെംഡെസിവിറിന് ആവശ്യം വര്‍ധിച്ചതിനാല്‍ ഇന്ത്യന്‍ ഉല്പാദകരും പ്രതിസന്ധിയിലാണ് ഈ ഘട്ടത്തിലാണ് അന്താരാഷ്ട്ര വിപണിയില്‍ മരുന്നിന്റെ ലഭ്യതയെ കുറിച്ച് അന്വേഷിച്ചതെന്നും കത്തില്‍ മുഖ്യമന്ത്രി പറയുന്നു. ബംഗ്ലാദേശിലെ ബെക്‌സിമോ ഫാര്‍മസ്യൂട്ടിക്കല്‍സ് 50,000 വയല്‍ വാക്‌സിന്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനുളള അനുമതി എത്രയും വേഗം നല്‍കണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. 

രാജ്യത്ത് വേഗത്തില്‍ കോവിഡ് വ്യാപിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ജാര്‍ഖണ്ഡ്

Content Highlights:Jharkhand seeks permission to import Remdesivir from Bangladesh