റാഞ്ചി: ജാർഖണ്ഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വെറും ഒരു രൂപ മാത്രം വേതന വർധനവ് നടത്തിയ നടപടിക്കെതിരെ  പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരു രൂപ തിരിച്ചയച്ച് തൊഴിലാളികൾ പ്രതിഷേധമറിയിച്ചു. മഹത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 167ല്‍ നിന്ന് 168 ആയാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചത്. 

11 വര്‍ഷത്തിനിടയിലെ സംസ്ഥാനത്തെ ഏറ്റവും ചെറിയ വര്‍ധനവാണ് ഇത്. കഴിഞ്ഞ വര്‍ഷം അഞ്ച് രൂപയാണ് വര്‍ധിപ്പിച്ചിരുന്നത്. ഇതോടെയാണ് തൊഴിലാളികള്‍ ഒറ്റക്കെട്ടായി പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര തൊഴില്‍ ദിനമായ മെയ് 1ന് പ്രതിഷേധ റാലി സംഘടിപ്പിച്ച പ്രവര്‍ത്തകര്‍ ഒരു രൂപ നോട്ടുകള്‍ അടക്കം ചെയ്ത നൂറുകണക്കിന് കവറുകള്‍ പ്രധാനമന്ത്രിക്കും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസിനും അയച്ചു. സര്‍ക്കാരിന്റെ ഈ 'ഔദാര്യം' കൂടാതെ തങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കുമെന്നും തൊഴിലാളികള്‍ പറഞ്ഞു. 

വലിയ പദ്ധതികള്‍ക്കും വ്യവസായികള്‍ക്കും നല്‍കാന്‍ സര്‍ക്കാരിന്റെ പക്കല്‍ പണമുണ്ട്. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിക്ക് തുച്ഛമായ പണം മുടക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലേയെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ ചോദിച്ചു. 

സംസ്ഥാനത്തെ മറ്റ് തൊഴിലുകള്‍ ചെയ്യന്നവര്‍ക്ക് നല്‍കുന്ന കുറഞ്ഞ കൂലിയെക്കാള്‍ കുറവ് വേതനമാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. 224 രൂപയാണ് മറ്റ് ജോലികളുടെ കുറഞ്ഞ വേതനം. പത്ത് വര്‍ഷത്തിനുള്ളില്‍ 4.7 ശതമാനം മാത്രമാണ് വേതന വര്‍ധനവ് ഉണ്ടായതെന്നും അവര്‍ ചൂണ്ടിക്കാട്ടി.