റാഞ്ചി: ജാര്‍ഖണ്ഡില്‍ സന്നദ്ധപ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെ തട്ടികൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സ്‌കൂള്‍ മേധാവി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ഖുണ്ടി ജില്ലയിലാണ് സംഭവം. തിരിച്ചറിയല്‍ പരേഡില്‍ രണ്ട് പ്രതികളെയും പീഡനത്തിനിരയായവര്‍ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റുണ്ടായത്.

പീഡനവിവരം അറിഞ്ഞിട്ടും പോലീസില്‍ അറിയിക്കാതെ മറച്ചുവെച്ചതിന് സ്‌കൂള്‍ മേധാവിയായ ഫാ.അല്‍ഫോന്‍സോ അലൈനിനെയും അറസ്റ്റ് ചെയ്തത്‌. പിന്നീട് സ്വന്തം ജാമ്യത്തില്‍ ഇദ്ദേഹത്തെ വിട്ടയച്ചെന്നും പോലീസ് മേധാവി അറിയിച്ചു. 

അജുബ് ശാന്തി പൂര്‍ത്തി, ആശിഷ് ലോംഗോ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നാലുപേര്‍ കൂടി പിടിയിലാകാനുണ്ടെന്നും അവരെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും പോലീസ് അറിയിച്ചു.

മനുഷ്യക്കടത്തിനെതിരേ തെരുവുനാടകം കളിച്ചുകൊണ്ടിരുന്ന ആശ കിരണ്‍ എന്ന സന്നദ്ധ സംഘടനയിലെ അഞ്ചു സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം കോചങ് ബ്ലോക്കിലെ ആര്‍സി മിഷന്‍ സ്‌കൂളിനു സമീപം തെരുവുനാടകം കളിക്കുകയായിരുന്ന 11 പേരടങ്ങുന്ന സംഘത്തെയാണ് ആയുധധാരികള്‍ ആക്രമിച്ചത്.