റാഞ്ചി: ജാര്‍ഖണ്ഡ് ജില്ലാ ജഡ്ജിയായിരുന്ന ഉത്തം ആനന്ദിന്റെ മരണം കൊലപാതകമാണെന്ന് സി.ബി.ഐ. കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സി.ബി.ഐ. ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജൂലായിലാണ് പ്രഭാത സവാരിക്ക് ഇറങ്ങിയ ഉത്തം ആനന്ദ് ഓട്ടോറിക്ഷ ഇടിച്ച് മരിച്ചത്. ഉത്തം ആനന്ദിനെ ഓട്ടോറിക്ഷ മനഃപൂര്‍വം ഇടിപ്പിക്കുകയായിരുന്നു എന്നാണ് സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

സംഭവം പുനഃരാവിഷ്‌കരിച്ചതില്‍നിന്നും സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നും ഫോറന്‍സിക് തെളിവുകളില്‍നിന്നും ഉത്തം ആനന്ദിനെ മനഃപൂര്‍വം കൊലപ്പെടുത്തുക ആയിരുന്നെന്ന് വ്യക്തമായതായി സി.ബി.ഐ. വൃത്തങ്ങള്‍ എന്‍.ഡി.ടിവിയോടു പ്രതികരിച്ചു. തെളിവുകള്‍ വിശകലനം ചെയ്യാന്‍ ഗാന്ധിനഗര്‍, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍നിന്നുള്ള നാല് ഫോറന്‍സിക് സംഘങ്ങളുടെ സേവനം സി.ബി.ഐ. പ്രയോജനപ്പെടുത്തിയിരുന്നു. ഉത്തംകുമാറിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന സംശയം ശരിവെക്കുന്നതാണ് ഇവരുടെ റിപ്പോര്‍ട്ടുകളെന്നും സി.ബി.ഐ. വ്യക്തമാക്കുന്നു.

ഉത്തം ആനന്ദ് കൊലപാതക കേസ് അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍ ലഖന്‍ വര്‍മയുടെയും സഹായി രാഹുല്‍ വര്‍മയുടെയും ബ്രെയിന്‍ മാപ്പിങ്, നാര്‍ക്കോ അനാലിസിസ് പരിശോധനാഫലങ്ങള്‍ സി.ബി.ഐ. പഠിച്ചുകൊണ്ടിരിക്കുകയാണ്. സംഭവം നടന്നതിന്റെ പിറ്റേന്നു തന്നെ ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്തില്‍വെച്ചാണ് ഇവരുടെ ബ്രെയിന്‍ മാപ്പിങ്, നാര്‍ക്കോ അനാലിസിസ് പരിശോധനകള്‍ നടത്തിയത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണെന്നും ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി. 

48-കാരനായ ഉത്തം ആനന്ദ് ജൂലൈ 28-നാണ് കൊല്ലപ്പെടുന്നത്. ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തിയതിന് പിന്നാലെ രക്തത്തില്‍ കുളിച്ചു കിടന്ന ഉത്തമിനെ പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പേ അദ്ദേഹം മരിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അപകടത്തിന് കാരണമായ ഓട്ടോറിക്ഷ ഒരു സ്ത്രീയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

content highlights:jharkhand district judge intentionally hit by auto rikshaw says cbi