റാഞ്ചി: ജാര്‍ഖണ്ഡിലെ ജില്ലാ ജഡ്ജിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ആവശ്യപ്പെട്ടു. 

വ്യാഴാഴ്ചയാണ് ധന്‍ബാദിലെ ജില്ലാ അഡീഷണല്‍ ജഡ്ജി ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചത്. വീടിന് അര കിലോമീറ്റര്‍ അകലെയായി അദ്ദേഹത്തെ അജ്ഞാത വാഹനമിടിച്ചെന്നായിരുന്നു പോലീസിന്റെ ആദ്യ വിശദീകരണം. എന്നാല്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്ക് വിരല്‍ചൂണ്ടിയത്.

ജാര്‍ഖണ്ഡ് പോലീസ് നിയമിച്ച പ്രത്യേക അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട് രണ്ടു പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി, ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോടും ഡി.ജി.പി.യോടും ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് സംഭവത്തില്‍ സ്വമേധയാ കേസ് എടുത്തത്.

കൃത്യം നടന്ന സമയം പ്രതികള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. അവരുടെ രക്ത സാംപിളുകളും മറ്റും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ സമയമെടുക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. 

പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്. 

Content Highlights: Jharkhand CM Hemant Soren calls for CBI probe into death of Dhanbad judge