റാഞ്ചി:കശ്മീരിലെ  ലേയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ജാര്‍ഖണ്ഡിലേക്ക് തിരികെയെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിമാനസൗകര്യം ഒരുക്കി. രാജ്യത്ത് ആദ്യമായാണ് കുടിയേറ്റ തൊഴിലാളികളെ മടക്കിക്കൊണ്ടുവരാന്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ വിമാനസൗകര്യം ഒരുക്കുന്നത്. 60 തൊഴിലാളികള്‍ക്കായി മുഖ്യമന്ത്രി ഹേമന്ത് സോറന്‍ വിമാനം ബുക്ക് ചെയ്തതോടെ വ്യോമമാര്‍ഗത്തിലൂടെ തൊഴിലാളികളെ സ്വദേശത്ത് തിരികെയെത്തിക്കുന്ന ആദ്യസംസ്ഥാനമായി ജാര്‍ഖണ്ഡ് മാറി. വിമാനത്തില്‍ ഡല്‍ഹിയിലെത്തുന്ന തൊഴിലാളികളെ ബസുകളില്‍ റാഞ്ചിയിലെത്തിക്കും.

ലേയിലെ ബതാലിക്കില്‍ റോഡുകളുടെ നിര്‍മാണപ്രവര്‍ത്തനത്തിനെത്തിയ തൊഴിലാളികള്‍ക്ക് ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്കുള്ള മടക്കയാത്ര അസാധ്യമായി. തൊഴില്‍ നഷ്ടമായതോടെ ജീവിതവും വഴിമുട്ടിയ ഇവര്‍ ട്വിറ്ററിലൂടെ മുഖ്യമന്ത്രിയോട് സഹായം അഭ്യര്‍ഥിച്ചു. രണ്ട് മാസത്തിലേറെയായി തൊഴിലാളികള്‍ ദുരിതത്തിലാണെന്നറിഞ്ഞ സോറന്‍ ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തി. 

ലഡാക്ക്, ആന്‍ഡമാന്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ മടക്കിയെത്തിക്കാന്‍ വിമാനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹേമന്ത് സോറന്‍ കേന്ദ്രത്തിനും ആഭ്യന്തരമന്ത്രിയ്ക്കും കത്തയച്ചിരുന്നു. എന്നാല്‍ കത്തുകള്‍ക്ക് മറുപടി ലഭിച്ചില്ല. തുടര്‍ന്ന് മെയ് 25 ന് ആഭ്യന്തര വ്യോമഗതാഗതം പുനരാരംഭിച്ചതോടെ തൊഴിലാളികള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ വിമാനം ബുക്ക് ചെയ്തു. 

തൊഴിലാളികളെ സുരക്ഷിതരായി മടക്കിയെത്തിക്കാന്‍ ലഡാക്ക് ഭരണകൂടവുമായി മുഖ്യമന്ത്രി നിരന്തസമ്പര്‍ക്കം നടത്തിയിരുന്നു. തൊഴിലാളികള്‍ക്ക് പ്രാഥമിക മെഡിക്കല്‍ പരിശോധന ഉറപ്പുവരുത്തി. എട്ട് ലക്ഷത്തോളം രൂപയാണ് വിമാനയാത്രയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ നല്‍കിയത്. ആന്‍ഡമാന്‍ നിക്കോബറില്‍ കുടുങ്ങിക്കിടക്കുന്ന 320 തൊഴിലാളികളെ ഉടനെ തന്നെ മടക്കിയെത്തിക്കാനുള്ള നടപടിക്രമം ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിവരികയാണ്. 

 

 

Content Highlights: Jharkhand CM Hemant Soren airlifts migrant workers from Leh