റാഞ്ചി: ജാര്‍ഖണ്ഡിലെ ഏതെങ്കിലും പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പശു കടത്ത് നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ആ സ്‌റ്റേഷന്റെ ചുമതലയുള്ള ഓഫീസറെ പുറത്താക്കുമെന്ന്  മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ മുന്നറിയിപ്പ്. പോലീസ് ഉദ്യോഗസ്ഥർക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

കൂടാതെ ജോലിയില്‍ അശ്രദ്ധ കാണിക്കുന്നവരെയും പരാതിയുമായി വരുന്നവരോട് മോശമായി പെരുമാറുന്നവരെയും സര്‍വീസില്‍നിന്നു പുറത്താക്കുമെന്നും അദ്ദേഹം അറിയിച്ചു. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പോലീസുകാര്‍ക്ക് നിര്‍ദേശം നല്കി. 

ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങള്‍ എന്ത് വില കൊടുത്തും തടയണമെന്നും അദ്ദേഹം പോലീസുകാരോട് ആവശ്യപ്പെട്ടു. 
ഡിഐജിമാര്‍ ആഴ്ചയില്‍ ഒരിക്കല്‍ ജില്ലയിലെ മുഴുവന്‍ സ്റ്റേഷനുകളിലും പരിശോധന നടത്തണം. എസ്പിമാര്‍ ദിവസവും രണ്ട് സ്റ്റേഷന്‍ സന്ദര്‍ശിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്കി. 
മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനിലെ ഇന്‍ ചാര്‍ജുമാരെ സര്‍ക്കാര്‍ ആദരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്കി.