ജംഷെഡ്പൂര്‍:  ഗൊരഖ്പൂരില്‍ ഓക്‌സിജന്‍ ലഭിക്കാതെ ശിശുക്കള്‍ മരിച്ച വാര്‍ത്തയുടെ ഞെട്ടല്‍ ഒഴിയുന്നതിന് മുന്‍പ് ജാര്‍ഖണ്ഡില്‍ നിന്നും വീണ്ടും ശിശുമരണ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ മരിച്ചത് 52 നവജാത ശിശുക്കളാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. 

ജാര്‍ഖണ്ഡിലെ ജംഷെഡ്പൂരില്‍ മഹാത്മാഗാന്ധി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് നവജാത ശിശുക്കള്‍ മരണപ്പെട്ടത്. പോഷകാഹാരക്കുറവാണ് മരണകാരണമെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പ്രതികരിച്ചു. റാഞ്ചിയില്‍ ഒരു ആശുപത്രിയില്‍ കഴിഞ്ഞ 117 ദിവസങ്ങള്‍ക്കിടെ 164 കുട്ടികള്‍ മരിച്ചതായുള്ള വാര്‍ത്ത പുറത്തു വന്നതിനു തൊട്ടു പിന്നാലെയാണ് ജംഷെഡ്പൂരില്‍ നിന്നുള്ള ശിശുമരണ റിപ്പോര്‍ട്ടും. 

1962ല്‍ സ്ഥാപിച്ച മഹാത്മാഗാന്ധി മെഡിക്കല്‍ കോളേജ് 1979ലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അടിസ്ഥാന സൗകര്യങ്ങളുടേയും മികച്ച സേവനത്തിന്റേയും കാര്യത്തില്‍ താരതമ്യേനെ മുന്‍നിരയിലുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ശിശുമരണ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ആശങ്കയിലാണ് ജനങ്ങളും. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ 30 കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ടത് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷധങ്ങള്‍ക്കും വഴി തുറന്നിരുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോള്‍ മരണസംഖ്യ 70 ആയി ഉയര്‍ന്നു.ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാരും അധികൃതരും വാക്ക് നല്‍കിയെങ്കിലും അധികൃതരുടെ കണ്ണ് തുറക്കും മുന്‍പേയാണ് ജംഷെഡ്പൂരില്‍ നിന്നുള്ള ശിശുമരണ റിപ്പോര്‍ട്ടും എന്നത് ശ്രദ്ധേയം.