നോയിഡ: നിശ്ചിത സമയത്തിനുള്ളില്‍ ജേവാര്‍ വിമാനത്താവളത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കരാര്‍ ഏറ്റെടുത്ത കമ്പനിയില്‍ നിന്ന് പിഴയായി ഈടാക്കുന്നത് ഭീമന്‍ തുക. പദ്ധതി വൈകുന്ന ഓരോ ദിവസവും 10 ലക്ഷം രൂപയാണ് പിഴ ചുമത്തുക. 2024 സെപ്തംബര്‍ 29നാണ് പണി പൂര്‍ത്തിയാക്കാനുള്ള തീയതി നിശ്ചയിച്ചിരിക്കുന്നത്. 

പദ്ധതി വൈകുന്ന ഓരോ ദിവസവും കെട്ടിവെച്ച ബാങ്ക് ഗ്യാരന്റിയുടെ 0.1 ശതമാനം നല്‍കാന്‍ കമ്പനി ബാധ്യസ്ഥരാകുമെന്ന് കരാറുകാരായ സൂറിച്ച് എജിയും യുപി സര്‍ക്കാരും ഒപ്പുവെച്ച അന്തിമ കരാറില്‍ വ്യവസ്ഥയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 

ബാങ്ക് ഗ്യാരണ്ടിയായി സൂറിച്ച് എജി 100 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. അതായത് ഏതെങ്കിലും കാരണത്താല്‍ പദ്ധതി 2024 സെപ്തംമ്പര്‍ 29ന് പൂര്‍ത്തീകരിക്കാനാകാത്ത സാഹചര്യമുണ്ടായാല്‍, 100 കോടി രൂപയുടെ 0.1 ശതമാനമായ 10 ലക്ഷം രൂപ പ്രതിദിനം കമ്പനി പിഴയൊടുക്കേണ്ടി വരും. 

സൂറിച്ച് എജിയുടെ അനുബന്ധ സ്ഥാപനമായ യമുന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിനാണ് വിമാനത്താവളത്തിന്റെ നിര്‍മാണ ചുമതല. ടെര്‍മിനല്‍ കെട്ടിടം, മെട്രോയ്ക്കും അതിവേഗ റെയിലിനുമുള്ള സ്റ്റേഷനുകള്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, കാര്‍ഗോ ആന്‍ഡ് ലോജിസ്റ്റിക് സെന്റര്‍, 186 എയര്‍ക്രാഫ്റ്റ് സ്റ്റാന്‍ഡുകള്‍, ഹോട്ടലുകള്‍ എന്നിങ്ങനെ പദ്ധതിയുടെ വിവിധ ഘട്ടങ്ങളുടെ നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ സമയക്രമം അടങ്ങുന്ന ഒരു പ്ലാന്‍ ഡിസംബര്‍ 15-നകം യമുന ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.

Content Highlights: jewar airport builders to pay rupees ten lakhs per day for delay in project