ന്യൂഡല്‍ഹി: തലസ്ഥാനത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട സംഘത്തില്‍പ്പെട്ടവരെന്ന് കരുതുന്ന സംഘത്തിലെ 12 പേര്‍ പിടിയില്‍  നിരോധിത ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് പ്രവര്‍ത്തകരാണ് ഇവരെന്നാണ് സംശയം.  സ്ഫോടക വസ്തുക്കളുമായി ഡല്‍ഹിയിലെ ഇന്ദര്‍പുരി, ഭജന്‍പുരി, ചന്ദ് ബാഗ് എന്നിവിടങ്ങളില്‍ നിന്നും ഉത്തര്‍പ്രദേശിലെ ദിയോബന്ദില്‍ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ലോധി കോളനിയിലെ സ്പെഷല്‍ സെല്‍ ഓഫീസില്‍ ഇവരെ ചോദ്യം ചെയ്യുകയാണ്.  കിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരിയില്‍ സ്ഫോടക വസ്തു നിര്‍മ്മാണത്തിനിടെ പിടിയിലായ രണ്ടുപേരെ ചോദ്യം ചെയ്യുന്നതിനിടെയാണ് മറ്റുള്ളവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. മറ്റ് സമീപ നഗരങ്ങളിലും ആക്രമണം ലക്ഷ്യമിട്ടിരുന്നെന്നും സൂചനയുണ്ട്.

ദിവസങ്ങളായി ഇരു സംസ്ഥാനത്തും ഡല്‍ഹി പോലീസും കേന്ദ്ര ഇന്റലിജന്‍സും ശക്തമായ പരിശോധന തുടരുകയായിരുന്നു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ പരിശോധന ഇപ്പോഴും നടക്കുന്നുണ്ട്. ജനവരിയിലെ പഠാന്‍കോട്ട് ആക്രമണത്തിന ശേഷം അതീവ ജാഗ്രതയിലുള്ള പോലീസ് മറ്റൊരു ആക്രമണം ഭയക്കുന്നുണ്ട്. അന്നും ജെയ്ഷിയിലേക്കായിരുന്നു ഇന്ത്യയുടെ സംശയം നീണ്ടത്.