ന്യൂഡല്‍ഹി : 2021 ലെ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പ്രവേശന പരീക്ഷ ജൂലൈ മൂന്നിന് നടക്കും. രാജ്യത്തെ 23 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.)കളിലേക്കുള്ള പ്രവേശനം നേടുന്നതിനുള്ള പരീക്ഷയാണ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാലാണ് ഇക്കാര്യം അറിയിച്ചത്. ഐഐടി ഖടഗ്പുരിനാണ് നടത്തിപ്പു ചുമതല.
പ്രവേശനത്തിനുള്ള അടിസ്ഥാന മാനദണ്ഡമെന്ന നിലയില്‍ പ്ലസ്ടുവിന് 75% മാര്‍ക്ക് വേണമെന്ന കാര്യത്തില്‍ കോവിഡ് സാഹചര്യത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ജെ.ഇ.ഇ മെയിനില്‍ യോഗ്യത നേടിയ 2.5 ലക്ഷം പേര്‍ക്ക് ഇത്തവണ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് 2021 ന് അപേക്ഷിക്കാം.
ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ നാലുസെഷനുകളായാണ് ജെ.ഇ.ഇ. (മെയിന്‍) പരീക്ഷ നടത്തുക. ഫെബ്രുവരി 23 മുതല്‍ 26 വരെയുള്ള സെഷനിലാണ് തുടക്കം. അതുകഴിഞ്ഞ് മാര്‍ച്ച് 15 മുതല്‍ 18, ഏപ്രില്‍ 27 മുതല്‍ 30, മേയ് 24 മുതല്‍ 28 എന്നിങ്ങനെയാകും പരീക്ഷകള്‍.
സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ബോര്‍ഡ് പരീക്ഷകള്‍ മേയ് നാല് മുതല്‍ ജൂണ്‍ പത്തുവരെ നടത്തുമെന്നും ഫലം ജൂലായ് 15-ന് പ്രഖ്യാപിക്കുമെന്നും മന്ത്രി നേരത്തേ അറിയിച്ചിരുന്നു.
content highlights: JEE Advanced 2021 Exam on July 3