പാട്ന: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ വല്യേട്ടന്‍ തങ്ങളാണെന്ന അവകാശവാദവുമായി ജെഡിയു രംഗത്ത്. മുഖ്യമന്ത്രി നിതീഷ് കുമാറായിരിക്കും സംസ്ഥാനത്തെ എന്‍ഡിഎയുടെ മുഖമെന്നും ജെഡിയു വ്യക്തമാക്കി. ബിജെപി അധ്യക്ഷന്‍ അമിത് ഷാ അടുത്ത ആഴ്ച ജെഡിയു നേതാക്കളുമായി ചര്‍ച്ച ചെയ്യാനായി എത്തുന്നുണ്ട്. ഇതിന് ഒരുമുഴം നീട്ടിയെറിഞ്ഞിരിക്കുകയാണ് ജെഡിയു. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു ശക്തമായ വ്യക്തിമുദ്ര പതിപ്പിക്കുമെന്ന് മുതിര്‍ന്ന ജെഡിയു നേതാവ് കെ.സി ത്യാഗിയും പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കകയാണ് ജെഡിയുവിന്റെ ലക്ഷ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം തൃപ്തികരമായാല്‍ 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായിരിക്കുമെന്നും കെ.സി ത്യാഗി വ്യക്തമാക്കി. 

അടുത്ത ആഴ്ച ബിജെപി പ്രസിഡന്റ് അമിത് ഷാ ബിഹാര്‍ സന്ദര്‍ശിക്കുകയും നൂറോളം വരുന്ന പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. അമിത് ഷാ നിതീഷ് കുമാറുമായും കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച ജെഡിയുവിന്റെ ദേശിയ സമ്മേളനം നടക്കും. അന്ന് എത്ര സീറ്റാണ് ആവശ്യപ്പെടെണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. ബീഹാറില്‍ ബിജെപിയേക്കാള്‍ സീറ്റ് വേണമെന്നാണ് ജെഡിയു ആവശ്യപ്പെടുന്നത്. 

content highlight:JDU proposes to contest in more seats- alliance with BJP will continue: K.C.Tyagi