പട്ന: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം വ്യാപകമാകുന്നതിനിടെ ജെഡിയുവില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കാനുള്ള തീരുമാനത്തെ ചോദ്യംചെയ്ത് മുതിര്‍ന്ന ജെഡിയു നേതാവായ പവന് കെ വര്‍മ രംഗത്തെത്തി. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് അദ്ദേഹം കത്തെഴുതി.
ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ജെഡിയു ബിജെപിയുമായി സഖ്യമുണ്ടാക്കിയതു സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചാണ് നിതീഷ് കുമാറിന് പവന് കെ വര്‍മ കത്തെഴുതിയിരിക്കുന്നത്. താനെഴുതിയ കത്ത് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ജെഡിയുവിന് എങ്ങനെ സാധിക്കും എന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് തന്റെ കത്തെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കുന്നു.
ബിജെപിയുമായുള്ള സഖ്യം തന്നെ വലിയ ആശങ്കയിലാക്കുന്നതായും ഇക്കാര്യത്തില്‍ പ്രത്യയശാസ്ത്രപരമായ വ്യക്തതവരുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ബിജെപിയെയും ആര്‍എസ്എസിനെയും കുറിച്ച് ഒന്നിലധികം തവണ ആശങ്ക പ്രകടിപ്പിക്കുകയും മഹാസഖ്യത്തിന്റെ കാലത്ത് ആര്‍എസ്എസ് മുക്ത ഭാരതത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുള്ള ആളാണ് നിതീഷ് കുമാറെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അകാലിദള്‍ അടക്കമുള്ള ജെഡിയുവിന്റെ സഖ്യകക്ഷികള്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ബിഹാറിനു പുറത്തേക്ക് ബിജെപിയുമായുള്ള സഖ്യം വ്യാപിപ്പിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയുടെപേരില്‍ വലിയതോതില്‍ വിഭാഗീയതയുണ്ടാക്കുകയും രാജ്യത്തിന്റെ സമാധാനവും ഐക്യവും സ്ഥിരതയും തകര്‍ക്കുകയുമാണ് ബിജെപി അജണ്ടയെന്ന് വ്യക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് സഖ്യവുമായി ജെഡിയു മുന്നോട്ടുപോകുന്നതെന്നും പവന് കെ വര്‍മ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Content Highalights: JDU leader confronts chief Nitish Kumar on party's tie-up with BJP in Delhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..