ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഫോട്ടോ മുന്നില്‍ വെച്ച് ഒ.പനീര്‍ ശെല്‍വത്തിന്റെ അധ്യക്ഷതിയില്‍ മന്ത്രി സഭാ യോഗം ചേര്‍ന്നു.

ജയലളിത ആസ്പത്രിയിലായതിന് ശേഷം ആദ്യമായാണ് തമിഴ്‌നാട് മന്ത്രിസഭായോഗം ചേരുന്നത്.

ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിതയുടെ വകുപ്പുകള്‍ ഒ.പനീര്‍ ശെല്‍വത്തിന് നല്‍കാന്‍ ഗവര്‍ണര്‍ സി.വിദ്യസാഗര്‍ റാവു ഉത്തരവിറക്കിയിരുന്നു.

മന്ത്രിസഭാ യോഗത്തില്‍ ജയലളിത ഇരുന്നിരുന്ന സീറ്റില്‍ ഇരിക്കാതിരുന്ന ഒ.പനീര്‍ ശെല്‍വം ജയലളിതയുടെ ഫോട്ടോ തന്റെ സീറ്റിനു മുന്നില്‍ സ്ഥാപിച്ചതിന് ശേഷമാണ് ഇരുന്നത്.

അഴിമതി കേസില്‍ ജയലളിത ജയിലിലായിരുന്ന സമയത്തും മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്ന  പനീര്‍ ശെല്‍വം ജയലളിതയുടെ ഓഫീസോ കസേരയോ ഉപയോഗിച്ചിരുന്നില്ല. 

രാവിലെ 9.30 ഓടെ തുടങ്ങിയ മന്ത്രി സഭാ യോഗം ഒരു മണിക്കൂറിനകം പിരിഞ്ഞു. കാവേരി വിഷയമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. 

മൂന്നാഴ്ചയോളമായി ജയലളിത അപ്പോളോ ആസ്പത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.