ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും സമ്പന്നയായ എംപിയായി മാറാന്‍ ഒരുങ്ങി ജയബച്ചന്‍.

രജ്യസഭയിലേക്ക് എസ് പി സ്ഥാനാര്‍ഥിയായാണ് അവര്‍ വീണ്ടും മത്സരിക്കുന്നത്‌. ആയിരം കോടിയുടെ ആസ്തിയാണ് ജയ ബച്ചനുള്ളത്.

ബിജെപിയുടെ രാജ്യസഭാ എംപി രവീന്ദ്ര കിഷോറാണ് നിലവില്‍ ഏറ്റവും സമ്പന്നനായ പാര്‍ലമെന്റ് അംഗം. 800 കോടിയായിരുന്നു 2014 ലില്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ രവീന്ദ്ര കിഷോറിന്റെ ആസ്തി. 

ഉത്തര്‍പ്രദേശില്‍ നിന്ന് കഴിഞ്ഞ ദിവസം സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികക്കൊപ്പം ജയാബച്ചന്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് 1000 കോടിയുടെ ആസ്തി വെളിപ്പെടുത്തിയത്. 2012-ല്‍ ജയാബച്ചന്‍ എസ്പി ടിക്കറ്റില്‍ രാജ്യസഭയിലെത്തിയപ്പോള്‍ 493 കോടിയുടെ ആസ്തിയാണ് ഉണ്ടായിരുന്നത്. 

നിലവില്‍ ജയാബച്ചനും ഭര്‍ത്താവ് അമിതാഭ് ബച്ചനുമായി 460 കോടിയുടെ സ്ഥായിയായ ആസ്തിയുണ്ട്. കൂടാതെ ഇരുവര്‍ക്കമായി 540 കോടിയുടെ മറ്റു ആസ്തികളുമുണ്ട്. 

അമിതാഭ് ബച്ചന്റെ പക്കല്‍ 36 കോടി വിലമതിക്കുന്ന സ്വര്‍ണ്ണവും ജയാബച്ചന്റെ കൈവശം 26 കോടി വിലമതിക്കുന്ന ആഭരണങ്ങളുമുണ്ട്. 13 കോടി വിലമതിക്കുന്ന 12 കാറുകളുണ്ട്. ഇതില്‍ റോള്‍സ് റോയ്‌സ്, മൂന്ന് ബെന്‍സ്, ഒരു പോര്‍ഷെ, ഒരു റെയ്ഞ്ച് റോവെര്‍ എന്നിവയും ഉള്‍പ്പെടും.

കൂടാതെ അമിതാഭ് ബച്ചന് ഒരു ടാറ്റാ നാനോയും ഒരു ട്രാക്ടറും ഉണ്ട്. 3.4 കോടിയുടെ വാച്ചുകളും ഒമ്പത് ലക്ഷത്തിന്റെ ഒരു പേനയും അമിതാഭ് ബച്ചനും 51 ലക്ഷത്തിന്റെ വാച്ചുകള്‍ ജയക്കുമുണ്ട്. ഫ്രാന്‍സില്‍ താമസത്തിനായി ഒരു പ്ലോട്ട്, ഉത്തര്‍പ്രദേശിലെ ബാരബങ്കില്‍ ഭൂമി, നോയിഡ, ഭോപ്പാല്‍, പുണെ, അഹമ്മദാബാദ്, ഗാന്ധിനഗര്‍ എന്നിവടങ്ങളില്‍ വസ്തുവകകള്‍ തുടങ്ങിയവയും ഇവരുടെ ആസ്തികളില്‍ ഉള്‍പ്പെട്ടതാണ്.