വഡോദര: സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടെ പ്രതീകമാണ് അമിത് ഷായുടെ മകനെന്ന് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. നവസര്‍ജന്‍ യാത്രയോടനുബന്ധിച്ച് വഡോദരയില്‍ വിദ്യാര്‍ഥികളുമായി സംസാരിക്കുകയായിരുന്നു രാഹുല്‍. 

'ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ്പുകളെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടെ പ്രതീകമായ അമിത് ഷായുടെ മകന്‍ ജയ് ഷായെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇന്ത്യയുടെ കാവല്‍ക്കാരന്‍ ഇതിനെ കുറിച്ച് നിശബ്ദനാണ്' . ജയ് ഷായെ കുറിച്ച് പറയാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. 

അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനത്തില്‍ ഒരു വര്‍ഷത്തിനിടെ 16000 മടങ്ങ് വര്‍ധനയുണ്ടായെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരിഹാസം. 

പ്രധാനമന്ത്രി മോദിയുടെ ശ്രദ്ധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബിജെപി സര്‍ക്കാരിനേക്കാള്‍ ഭേദമായിരുന്നു യുപിഎ സര്‍ക്കാര്‍. ഒഴിവുകഴിവുകള്‍ പറയുന്നത് നടക്കില്ലെന്നും രാഹുല്‍ പറഞ്ഞു. 

നോട്ട് നിരോധന തീരുമാനത്തേയും ജിഎസ്ടി നടപ്പാക്കിയ തീരുമാനത്തേയും രാഹുല്‍ നിശിതമായി വിമര്‍ശിച്ചു. ജനങ്ങളെ കരയിപ്പിക്കുന്ന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതല്ല, അഞ്ചോ പത്തോ വര്‍ഷം മികച്ച രീതിയില്‍ ഭരിക്കുന്നതാണ് ഒരു നേതാവിന്റെ കഴിവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.

സെല്‍ഫി ചിത്രങ്ങള്‍ പകര്‍ത്തുന്നത് നിങ്ങള്‍ ആസ്വദിക്കുന്നു, ഈ മൊബൈല്‍ ഫോണുകള്‍ ചൈനീസ് നിര്‍മ്മിതികളാണ്. ചൈനീസ് യുവജനതയ്ക്കാണ് ഇത് തൊഴില്‍ നല്‍കുന്നത്. ഇന്ത്യന്‍ ഫോണുകള്‍ ഉപയോഗിക്കാനും രാഹുല്‍വിദ്യാര്‍ഥികളോട ആഹ്വാനം ചെയ്തു.ബിജെപിയുടെ സ്ത്രീ വിരുദ്ധ മനോഭാവത്തേയും രാഹുല്‍ കുറ്റപ്പെടുത്തി. 

നവസര്‍ജന്‍ യാത്രയുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ വിവിധ ഇടങ്ങളില്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരേയും ജനങ്ങളേയും അഭിസംബോധന ചെയ്ത് സംസാരിക്കും.