ജസ്വന്ത് സിങ്| Photo: PTI
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ ജസ്വന്ത് സിങ് (82)അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ 6.55 ഓടെയായിരുന്നു മരണം. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വിറ്ററിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്.
2014ല്‍ കുളിമുറിയില്‍ തെന്നിവീണതിനെ തുടര്‍ന്ന് ജസ്വന്ത് സിങ്ങിന് തലയ്ക്ക് പരിക്കേല്‍ക്കുകയും പിന്നീട് അബോധാവസ്ഥയിലാവുകയും ചെയ്തിരുന്നു.ജൂണ്‍ 25നാണ് ഇദ്ദേഹത്തെ ഡല്‍ഹി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തിലെ അണുബാധ, വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍, തലയ്‌ക്കേറ്റ ക്ഷതത്തിനുള്ള ചികിത്സ എന്നിവയായിരുന്നു ലഭ്യമാക്കിയിരുന്നത്.
1938 ജനുവരി മൂന്നിന് രാജസ്ഥാനിലെ ജസോളില്‍ ഠാക്കൂര്‍ സര്‍ദാര്‍ റാത്തോഡിന്റെയും കന്‍വര്‍ ബൈസയുടെയും മകനായാണ് ജനനം. 1957-മുതൽ 1966 വരെ സൈനികനായി സേവനം അനുഷ്ഠിച്ചിരുന്നു. പിന്നീട് രാഷ്ട്രീയ പ്രവേശനത്തിനായി പട്ടാളത്തില്‍നിന്ന് രാജിവെച്ചു. രാഷ്ട്രീയത്തില്‍ സജീവമായെങ്കിലും ശ്രദ്ധ നേടുന്നത് എണ്‍പതുകള്‍ മുതലാണ്.

വാജ്പയി മന്ത്രിസഭയില്‍ ധനകാര്യം, പ്രതിരോധം, വിദേശകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നാല് തവണ ലോക്സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. 2014ല്‍ ബി.ജെ.പി ഇദ്ദേഹത്തിന് ലോക്സഭ സീറ്റ് നിഷേധിച്ചതിനു പിന്നാലെ രാജസ്ഥാനിലെ ബാര്‍മറില്‍നിന്ന് അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. എന്നാല്‍ പരാജയപ്പെട്ടു. ഇതിനു പിന്നാലെ ജസ്വന്ത് സിങ്ങിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.

ജസ്വന്ത് സിങ്ങിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ജസ്വന്ത് സിങ് നമ്മുടെ രാജ്യത്തെ ശ്രദ്ധാപൂര്‍വം സേവിച്ചു. ആദ്യം ഒരു സൈനികനായും പിന്നീട് ദീര്‍ഘകാലം രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെയും. അടല്‍ജിയുടെ സര്‍ക്കാരില്‍ അദ്ദേഹം നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും ധനകാര്യം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയവയില്‍ ശക്തമായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിതനാണ്- എന്നായിരുന്നു മോദിയുടെ വാക്കുകള്‍.
content highlights: Jaswant Singh passes away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..