.jpg?$p=cc29bd4&f=16x10&w=856&q=0.8)
ഫുമിയോ കിഷിദ, നരേന്ദ്ര മോദി. photo: reuters, pti
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 4200 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതി ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ശനിയാഴ്ച ഡല്‍ഹിയില്‍ ആരംഭിക്കുന്ന ഇന്ത്യ-ജപ്പാന് ദ്വിദിന വാര്‍ഷിക ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനമുണ്ടായേക്കുമെന്ന് ജാപ്പനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ദ്വിദിന ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയും ശനിയാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. റഷ്യ-യുക്രൈന് യുദ്ധം, ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ, ഉഭയകക്ഷി സഹകരണം ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യും.
ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെയുള്ള സംയുക്തപദ്ധതികളുടെ പുരോഗതിയും ഉച്ചകോടിയില്‍ വിലയിരുത്തും.
ഇന്ത്യയുമായുള്ള സുരക്ഷാ ബന്ധവും സാമ്പത്തിക ബന്ധവും ശക്തിപ്പെടുത്താനും ജാപ്പനീസ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് 4200 കോടി ഡോളറിന്റെ നിക്ഷേപത്തിന് ജപ്പാന് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ 2014ല്‍ അന്നത്തെ ജാപ്പനീസ് പ്രധാനമന്ത്രിയായിരുന്ന ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ 3.5 ട്രില്യണ്‍ യെന്‍ നിക്ഷേപ പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ സാഹചര്യത്തില്‍ അന്താരാഷ്ട്ര ഐക്യം പ്രധാനമാണെന്നും ജപ്പാനും ഇന്ത്യയും വിവിധ വിഷയങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ഫുമിയോ കിഷിദ വ്യക്തമാക്കിയിരുന്നു. യുക്രൈനില്‍ റഷ്യന്‍ സേന അക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ റഷ്യയ്ക്ക് വിവിധ തലങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യവുമാണ് ജപ്പാന്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..