ഫ്യൂമിയൊ കിഷിദയും നരേന്ദ്ര മോദിയും | Photo: twitter.com/PMOIndia
ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ജപ്പാന്‍ ഇന്ത്യയില്‍ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഉന്നതതല സംഘത്തിന് ഒപ്പമാണ് ജാപ്പനീസ് പ്രധാനമന്ത്രി ഡല്‍ഹിയില്‍ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക ചര്‍ച്ചയുടെ 14ാം പതിപ്പാണ് ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടന്നത്.
ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു രാഷ്ട്രതലവന്‍മാരും ചര്‍ച്ച നടത്തി. ആഗോളതലത്തില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുവരും സംസാരിച്ചു. ഇന്ത്യയിലെത്തുന്ന ജാപ്പനീസ് കമ്പനികള്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുരോഗതിയും സമൃദ്ധിയും പങ്കാളിത്തവുമാണ് ഇന്ത്യ-ജപ്പാന്‍ ബന്ധത്തിന്റെ അടിസ്ഥാനമെന്നും മോദി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തേക്കുറിച്ച് ജാപ്പനീസ് പ്രധാനമന്ത്രി കിഷിദയും ചൂണ്ടിക്കാണിച്ചു. ബുള്ളറ്റ് ട്രെയിനുകളുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകര്‍ ജപ്പാനാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ വലിയ നിക്ഷേപം നടത്തുന്നതിനെ കുറിച്ച് മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും 2014ല് പ്രഖ്യാപനം നടത്തിയിരുന്നു.
പ്രധാനമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് കിഷിദ ഇന്ത്യയിലെത്തുന്നത്. 2021 ഒക്ടോബറില്‍ കിഷിദ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മോദി അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇന്ത്യയുടെ നഗരവികസനത്തില്‍ ജപ്പാന്റെ പിന്തുണ വളരെ വലുതാണെന്നും ഹൈസ്പീഡ്, ബുള്ളറ്റ് ട്രെയിന്‍ പദ്ധതികളില്‍ പിന്തുണ വളരെ വലുതാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
Content Highlights: japan to invest 3.20 lakh crores in india over next five years announces modi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..