പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI
ശ്രീനഗര്‍: കശ്മീര്‍ താഴ്വരയിലേക്ക് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്താനുള്ള ശ്രമം ജമ്മു പോലീസ് പരാജയപ്പെടുത്തി. ജമ്മു നഗരത്തിന് സമീപത്ത് വെച്ച് ആയുധങ്ങള്‍ ട്രക്ക് ഡ്രൈവറില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
ആയുധങ്ങള്‍ കടത്തുന്നത് സംബന്ധിച്ച് ചില വിവരങ്ങള്‍ ലഭ്യമായതിനെ തുടര്‍ന്ന് ജമ്മുവിലുടനീളം കനത്ത സുരക്ഷ ക്രമീകരണങ്ങളും വാഹന പരിശോധനയും നടത്തിവരികയായിരുന്നുവെന്ന് ജമ്മു പോലീസ് സൂപ്രണ്ട് ചന്ദന്‍ കോലി പറഞ്ഞു.
ഇതിന്റെ ഭാഗമായി ഗംഗ്യാല്‍ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടയില്‍ ഒരു ട്രക്ക് കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പരിശോധന നടത്താനായി തുനിഞ്ഞപ്പോള്‍ ഡ്രൈവര്‍ ഒഴിവുകഴിവുകള്‍ പറഞ്ഞ് പോലീസിനെ തടയാന്‍ ശ്രമിച്ചു. ഇതാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയത്തിനിടയാക്കിയത്.
തുടര്‍ന്ന് അധികൃതര്‍ വാഹനം പരിശോധിച്ചപ്പോള്‍ ഒരു പിസ്റ്റളും രണ്ട് ഗ്രനേഡുകളും കണ്ടെടുത്തു. പ്രിസ്ചൂ പുല്‍വാമാ സ്വദേശിയായ മന്ദസിര് മന്‍സൂര്‍ എന്ന ഡ്രൈവറെ അറസ്റ്റ് ചെയ്തു.
പ്രാഥമിക ചോദ്യം ചെയ്യലില്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഡ്രോണുകള്‍ വഴിയാണ് ആയുധവും ഗ്രനേഡുകളും തനിക്ക് ലഭിച്ചതെന്ന് ഡ്രൈവര്‍ പറഞ്ഞു. ഇത് കശ്മീര്‍ താഴ്വരയിലേക്ക് കൊണ്ടുപോകാന്‍ തന്നെ ചുമതലപ്പെടുത്തിയതാണെന്നും ഡ്രൈവര്‍ വെളിപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി.
ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ആയുധക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ ബന്ധങ്ങള്‍ ചോദ്യംചെയ്യലിലൂടെ കണ്ടെത്താനാകുമെന്നും പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..