ചണ്ഡീഗഢ്: ജയ്‌ഷെ മുഹമ്മദ് സംഘാംഗമെന്ന സംശയത്തില്‍ കഴിഞ്ഞ ദിവസം അംബാലയില്‍ പിടിയിലായ ആള്‍ തീവ്രവാദിയല്ലെന്ന് റിപ്പോര്‍ട്ട്. തീവ്രവാദിയാണെന്ന സംശയത്തെതുടര്‍ന്ന് അറസ്റ്റിലായ മെഹ്‌റൂബ് അഹമ്മദ് എന്നയാളാണ് ജമ്മു കശ്മീരിലെ ഒരു ഡ്രൈവറാണെന്ന് വ്യക്തമായത്. 

ആപ്പിള്‍ കയറ്റിയ ലോറിയുമായി ഡല്‍ഹിയിലേയ്ക്ക് വരുന്നതിനിടെ പഞ്ചാബ് പോലീസും ആര്‍മി ഇന്റലിജന്‍സും ചേര്‍ന്ന് പിന്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ദേശീയപാതയില്‍ അംബാല കണ്ടോണ്‍മെന്റ് പ്രദേശത്തുനിന്നായിരുന്നു അറസ്റ്റ്. എന്നാല്‍ അന്വേഷണത്തില്‍ ഇയാള്‍ക്ക് തീവ്രവാദ ബന്ധമില്ലെന്നും ഇയാള്‍ ഒരു ഡ്രൈവറാണെന്നും വ്യക്തമായതായി അംബാല പോലീസ് സൂപ്രണ്ട് അഭിഷേക് ജോര്‍വാല്‍ പറഞ്ഞു.

ഡല്‍ഹിയിലേയ്ക്ക് ആപ്പിള്‍ നിറച്ച ലോറിയില്‍ ജെയ്ഷ മുഹമ്മദ് തീവ്രവാദി എന്ന് സംശയിക്കുന്ന ഒരാള്‍ അംബാലയിലൂടെ കടന്നുപോകുന്നുണ്ടെന്ന് ജമ്മു കശ്മീര്‍ മിലിറ്ററി ഇന്റലിജന്‍സിന് ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു ഹൈവേയില്‍ പരിശോധന നടത്തിയത്. വാഹനം ഓടിച്ചിരുന്ന മെഹ്‌റൂബ് അഹമ്മദിന്റെ കൈയ്യില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതിരുന്നതാണ് സംശയമുളവാക്കിയത്. 

Content Highlights: Jammu man suspected to be Jaish terrorist is just a driver-  Ambala police