പുല്‍വാമ: ജമ്മുകശ്മീരില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസറും ഭാര്യയും ഭീകരരുടെ വെടിയേറ്റ് മരിച്ചു. പുല്‍വാമയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. വീട്ടില്‍ കടന്നുകയറിയുള്ള വെടിവെപ്പില്‍ പോലീസ് ഉദ്യോഗസ്ഥനായ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ദമ്പതിമാരുടെ മകള്‍ റാഫിയ ആശുപത്രിയില്‍ ചികിത്സയിലാണ്.   

രാത്രി പതിനൊന്ന് മണിയോടെ ഭീകരര്‍ വീട്ടില്‍ അതിക്രമിച്ചു കയറി തുടരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ ഫയാസിനേയും കുടുംബത്തേയും ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫയാസും ഭാര്യയും മരിച്ചു. അവന്തിപോരയിലെ ഹരിപരിഗാം സ്വദേശിയാണ് ഫയാസ് അഹമ്മദ്. 

പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണെന്നും ഭീകരര്‍ക്കായുള്ള തിരച്ചില്‍ നടത്തുകയാണെന്നും സേനാവക്താവ് അറിയിച്ചു. ജമ്മുവിലെ വ്യോമസേനാ ആസ്ഥാനത്ത് ഭീകരര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണം. ഇന്ത്യന്‍ സേനയുടെ ഏതെങ്കിലും ആസ്ഥാനത്ത്  ഭീകരര്‍ നടത്തുന്ന ആദ്യ ഡ്രോണ്‍ ആക്രമണമായിരുന്നു അത്. 

ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. പാക് അതിര്‍ത്തിയില്‍ നിന്ന് പതിനാല് കിലോമീറ്റര്‍ അകലെ ശക്തമായ സുരക്ഷാസംവിധാനങ്ങളോടു കൂടിയ വ്യോമസേനാ വിമാനത്താവളത്തിലായിരുന്നു ആക്രമണമുണ്ടായത്. 

 

 

Content Highlights: Jammu & Kashmir Special Police Officer Wife Shot Dead At Home By Terrorists