ശ്രീനഗര്‍: മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ജമ്മു കശ്മീരിലെ ബി.ജെ.പി. നേതാവ് വിക്രം രണ്‍ധാവയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജമ്മുവില്‍നിന്നുള്ള മുന്‍ എം.എല്‍.സിയായ രണ്‍ധാവെ, ടി 20 ലോകകപ്പില്‍ പാകിസ്താനോട് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് വിവാദ പരാമര്‍ശം നടത്തിയത്. 

ഇതിന്റെ വീഡിയോ പുറത്തു വന്നതിന് പിന്നാലെ ബി.ജെ.പി. രണ്‍ധാവെയ്‌ക്കെതിരെ നടപടി കൈക്കൊള്ളുകയും ചെയ്തിരുന്നു. രണ്‍ധാവെയെ എല്ലാ പാര്‍ട്ടി ചുമതലകളില്‍നിന്നും നീക്കം ചെയ്യുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. മാത്രമല്ല, വിഷയത്തില്‍ വിശദീകരണം നല്‍കാനും 48 മണിക്കൂറിനുള്ളില്‍ പരസ്യമായി മാപ്പു പറയാനും ബി.ജെ.പി. രണ്‍ധാവയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. 

അഭിഭാഷകനായ മുസാഫര്‍ അലി ഷായാണ് രണ്‍ധാവയ്‌ക്കെതിരെ പരാതി നല്‍കിയത്. ബാഹു ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇക്കൊല്ലം ഇത് രണ്ടാംതവണയാണ് രണ്‍ധാവയ്ക്ക് ബി.ജെ.പി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നത്. നേരത്തെ കേന്ദ്രമന്ത്രി  ജിതേന്ദ്ര സിങ്ങിനെതിരെ നടത്തിയ ആരോപണങ്ങളെ തുടര്‍ന്നായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്. ജിതേന്ദ്ര സിങ് അനധികൃത ഖനനത്തിന് ഒത്താശ ചെയ്യുന്നുവെന്നായിരുന്നു രണ്‍ധാവ ഉയര്‍ത്തിയ ആരോപണം. 

content highlights: jammu kashmir police registers case against vikram randhawa