ന്യൂഡല്‍ഹി: ഉചിതമായ സമയത്ത് ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കുമെന്ന് ആഭ്യന്തര അമിത് ഷാ. ലോക്‌സഭയില്‍ ജമ്മുകശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. ഈ ബില്‍ കൊണ്ടുവന്നാല്‍ ജമ്മുകശ്മീരിന് സംസ്ഥാന പദവി ഒരിക്കലും ലഭിക്കില്ലെന്ന് ചില എംപിമാര്‍ പറയുന്നുണ്ടെന്ന് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടുകൊണ്ട് അമി ഷാ പറഞ്ഞു. 

'എന്നാല്‍ അത്തരമൊരു ഉദ്ദേശ്യം  ഈ ബില്ലില്‍ ഇല്ല. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവിയുമായി യാതൊരു ബന്ധവും ബില്ലിനില്ല. പദവി ലഭിക്കില്ലെന്ന് ബില്ലില്‍ എവിടേയും എഴുതിയിട്ടില്ല. എന്തുകൊണ്ടാണ് ചിലര്‍ മറിച്ചൊരു നിഗമനത്തിലേക്ക് എത്തുന്നതെന്ന് മനസ്സിലാകുന്നില്ല. ഉചിതമായ സമയത്ത് ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കും' അമിത് ഷാ പറഞ്ഞു.

മറ്റു കേന്ദ്ര ഭരണപ്രദേശങ്ങള്‍ നേരത്തെ സംസ്ഥാന പദവി നേടിയിട്ടില്ലേ? മറ്റു അതിര്‍ത്തി പ്രദേശങ്ങള്‍ സംസ്ഥാന പദവി നേടിയിട്ടില്ലെ? പിന്നെ എന്തുകൊണ്ടാണ് ജമ്മുകശ്മീര്‍ വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

370-ാം വകുപ്പ് റദ്ദാക്കപ്പെടുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളെ കുറിച്ച് നിങ്ങള്‍ ചോദിച്ചോളൂ. ഇപ്പോള്‍ 17 മാസമായി എന്താണ് ചെയ്തതെന്നതിന് കണക്കുകളുണ്ട്. അതിന് മുമ്പുള്ള 70 വര്‍ഷം ചെയ്തതിനും കണക്കുണ്ട്. എന്നാല്‍ തലമുറകളായി ഭരിക്കുന്നവര്‍ കണക്ക് ചോദിക്കാന്‍ പോലും യോഗ്യരാണോ എന്ന് പരിശോധിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ജമ്മുകശ്മീര്‍ പുനഃസംഘടന ഭേദഗതി ബില്‍ 2021 ലോക്‌സഭയില്‍ പാസായി

Content Highlights: Jammu and Kashmir to Get Status of State at Appropriate Time-Amit Shah