ശ്രീനഗര്‍: തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ആറ് സര്‍ക്കാര്‍ ജീവനക്കാരെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്. ജമ്മുവിലെ സര്‍ക്കാര്‍ ജീവനക്കാരെ നിരീക്ഷിക്കാനായി നിയോഗിച്ച പ്രത്യേക കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. 

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി ജാഫര്‍ ഹുസൈന്‍ ബട്ട് (പോലീസ് കോണ്‍സ്റ്റബിള്‍), റാഫി ബട്ട് (പിഡബ്ല്യുഡി ജൂനിയര്‍ അസിസ്റ്റന്റ്), അബ്ദുള്‍ ഹമീദ് വാനി (അധ്യാപകന്‍), ലിയാഖത് അലി കാക്രൂ (അധ്യാപകന്‍), താരിഖ് മെഹ്‌മൂദ് കോലി (റേഞ്ച് ഓഫീസര്‍), ഷൗക്കത്ത് അഹമ്മദ് ഖാന്‍ (പോലീസ് കോണ്‍സ്റ്റബിള്‍) എന്നിവര്‍ക്കെതിരേയാണ് കര്‍ശന നടപടി സ്വീകരിച്ചത്‌. 

നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തിയതിനും അവരുടെ അനുയായികളായി പ്രവര്‍ത്തിച്ചതിനുമാണ് ആറ് ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ നല്‍കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞവര്‍ഷം ജൂലായില്‍ 11 സര്‍ക്കാര്‍ ജീവനക്കാരേയും ജമ്മു കശ്മീര്‍ ഭരണകൂടം പിരിച്ചുവിട്ടിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.  

content highlights: Jammu and Kashmir Govt sacks 6 employees for having terror links