ശ്രീനഗര്‍: ഭീകരരുമായി ഏറ്റുമുട്ടലുണ്ടാകുന്ന സ്ഥലങ്ങളില്‍ സംഘംചേര്‍ന്നെത്തുന്ന സാധാരണക്കാരുടെ മരണത്തിന് ഉത്തരവാദികള്‍ അവര്‍തന്നെ ആയിരിക്കുമെന്ന് ജമ്മു കശ്മീര്‍ പോലീസ് മേധാവി എസ്.പി വൈദ്. ഭീകരരെയും കല്ലേറ് നടത്തുന്നവരെയും തിരിച്ചറിയാനുള്ള കഴിവ് വെടിയുണ്ടകള്‍ക്കില്ല. ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് കടന്നുവരരുതെന്ന് യുവാക്കളോട് അദ്ദേഹം ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് കടുത്ത വാക്കുകളുമായി കശ്മീരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ രംഗത്തെത്തിയിട്ടുള്ളത്. സാധാരണക്കാര്‍ കൊല്ലപ്പെടണമെന്ന് സൈന്യം ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, അത്തരം സംഭവങ്ങളുടെ പേരില്‍ സൈന്യത്തിന് പഴി കേള്‍ക്കേണ്ടിവരുന്നു. അതിനാല്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലത്തേക്ക് വരരുതെന്ന് യുവാക്കളോട് അഭ്യര്‍ഥിക്കുന്നു.

സൈന്യത്തിന്റെയും ഭീകരരുടെയും വെടിയുണ്ടകള്‍ കുതിച്ചുപായുന്നിടത്തേക്ക് ഒരുകാരണവശാലും സാധാരണക്കാര്‍ കടന്നുവരരുത്. ജനക്കൂട്ടത്തിലെ ഓരോരുത്തരെയും സംരക്ഷിച്ചുകൊണ്ട് സൈന്യത്തിന് ഭീകരരെ നേരിടാനാകില്ല. സാധാരണക്കാര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ സൈന്യത്തിനും തനിക്ക് വ്യക്തിപരമായും കടുത്ത ദുഃഖമുണ്ടാക്കുന്നതാണെന്ന് കശ്മീര്‍ ഡി.ജി.പി പറഞ്ഞു. ഒരു സാധാരണക്കാരനുപോലും പരിക്കേല്‍ക്കരുതെന്നാണ് സൈന്യം ആഗ്രഹിക്കുന്നത്. കശ്മീര്‍ വിഷയം തോക്കുകൊണ്ട് പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. പാകിസ്താന്‍ അടക്കമുള്ള കക്ഷികള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ പലപ്പോഴും താത്കാലികമായി നിര്‍ത്തിവെക്കുന്നതിനോട് വ്യക്തിപരമായി യോജിക്കുന്നില്ല. എന്നാല്‍ ദുരുപയോഗം തടയാന്‍ പലപ്പോഴും നിയന്ത്രണം വേണ്ടിവരുന്നു. കശ്മീരിലെ കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടാതെ മുന്നോട്ടുപോകുന്നത് ഉറപ്പാക്കാനാണ് സൈന്യം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുല്‍ഗാമില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിനിടെ ഒരു സൈനികന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതോടെ ഭീകരര്‍ക്കെതിരെ സൈന്യം ശക്തമായി തിരിച്ചടിച്ചു. എന്നാല്‍, സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെ സൈന്യം സമ്മര്‍ദ്ദത്തിലായ സാഹചര്യം മുതലെടുത്ത് ഭീകരര്‍ പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു.