ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരേയുണ്ടായ പോലീസ് അതിക്രമത്തിനെതിരെയും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വിദ്യാര്‍ഥി പ്രതിഷേധം അലയടിക്കുന്നു. പോലീസ് അതിക്രമത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. 

ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് സമീപം വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്. രാവിലെ  ആരംഭിച്ച പ്രതിഷേധത്തില്‍ നിലവില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളും പരിസരവാസികളുമാണ് അണിനിരന്നത്. മനുഷ്യച്ചങ്ങല തീര്‍ത്താണ് പ്രതിഷേധക്കാര്‍ സംഘടിച്ചിരിക്കുന്നത്. 

ലഖ്നൗ നദ്വ കോളേജിലും വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി സംഘടിച്ചു. കോളേജ് ക്യാമ്പസില്‍ സംഘടിച്ച വിദ്യാര്‍ഥികള്‍ പുറത്തിറങ്ങാതിരിക്കാന്‍ പോലീസ് ഗേറ്റ് പൂട്ടിയിട്ടു. ഇതിനിടെ പോലീസിന് നേരെ കല്ലേറുണ്ടായി. 

ജാമിയ, അലിഗഢ് സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച് മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. ഇന്ന് രാവിലെ മുതല്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ നൂറു കണക്കിന് വിദ്യാര്‍ഥികളാണ് അണിനിരന്നത്. ഇന്ന് വൈകുന്നേരം നാല് മണിക്ക് ടിസ്സിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധ സദസ്സും സംഘടിപ്പിക്കും.

പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്ന് ഡല്‍ഹി സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്റ് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച നടത്താനിരുന്ന സെമസ്റ്റര്‍ പരീക്ഷ ബഹിഷ്‌കരിച്ചു. വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യ ഗേറ്റിന് സമീപം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനാണ് തീരുമാനം. 

വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് അലഹാബാദ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. വിദ്യാര്‍ഥി പ്രതിഷേധം ക്യാംപസുകളില്‍നിന്നു തെരുവുകളിലേക്ക് ശക്തിപ്പെടുകയാണ്. 

വാരണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലും കൊല്‍ക്കത്ത ജാദവ്പൂര്‍ സര്‍വകാശാലയിലും പ്രതിഷേധ മാര്‍ച്ചുകള്‍ ശക്തിപ്പെടുകയാണ്. പോലീസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.  

മദ്രാസ് ഐഐടി ക്യാംപസിലും പ്രതിഷേധ സംഗമം നടന്നു. മൗലാനാ ആസാദ് നാഷണല്‍ ഉറുദു സര്‍വകലാശാലയിലും വിദ്യാര്‍ഥികള്‍ പ്രതിഷേധ സൂചകമായി ഇന്ന് നടക്കേണ്ടിയിരുന്ന സെമസ്റ്റര്‍ പരീക്ഷകള്‍ ബഹിഷ്‌കരിച്ചു. പോണ്ടിച്ചേരി സര്‍വകലാശായില്‍ നിന്നുള്ള വിദ്യാര്‍ഥികളും പ്രതിഷേധവുമായി തെരുവിലേക്കിറങ്ങി. ഐഐഎസ്സി ബെംഗളൂരുവിലും ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. 

പ്രതിഷേധത്തിന്റെ ചുവടുപിടിച്ച് കേരളത്തിലും വിവിധ സര്‍വകലാശാലകളിലും പ്രതിഷേധപ്രകടനങ്ങള്‍ തുടരുകയാണ്. ക്യാംപസുകളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധകൂട്ടായ്മകള്‍ സംഘടിപ്പിച്ചു. കുസാറ്റിലും കാസര്‍ഗോഡ് കേന്ദ്രര്‍വകലാശാലയിലും കാലിക്കറ്റ് സര്‍വകലാശാലയിലും വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Content Highlights: Jamia protests unite students all over India,  Jamia Milia Islamia University Protest, Citizenship law,Citizenship Amendment Law