Photo - ANI
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഡല്‍ഹിയിലെ ജാമിയ നഗറിലുണ്ടായ അക്രമ സംഭവങ്ങളില്‍ പങ്കുണ്ടെന്ന് കരുതുന്ന 70 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പോലീസ്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍നിന്നും വീഡിയോകളില്‍നിന്നും പകര്‍ത്തിയ ചിത്രങ്ങളാണ് ഇതെന്നാണ് പോലീസ് പറയുന്നത്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘര്‍ഷത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളതെന്ന് പോലീസ് അവകാശപ്പെടുന്നു. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ 01123013918, 9750871252 എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.
2019 ഡിസംബര്‍ 15 നാണ് ജാമിയ നഗറില്‍ സംഘര്‍ഷമുണ്ടായത്. ഫ്രണ്ട്‌സ് കോളനിക്ക് സമീപമുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് ബസ്സുകള്‍ കത്തിനശിച്ചിരുന്നു. നൂറുകണക്കിന് വാഹനങ്ങള്‍ക്ക് കേടുപറ്റി. ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളടക്കം നൂറുകളക്കിന് പേര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു. പ്രക്ഷോഭം അക്രമാസക്തമായതോടെ ജാമില മിലിയ വിദ്യാര്‍ഥികളും പോലീസ് ഉദ്യോഗസ്ഥരുമടക്കം 30ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. പോലീസിനുനേരെ പ്രക്ഷോഭകര്‍ കല്ലെറിഞ്ഞതോടെ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. സംഭവത്തില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള എട്ട് കേസുകളില്‍ 120 പേരെയാണ് പ്രത്യേക അന്വേഷണസംഘം ഇതുവരെ അറസ്റ്റു ചെയ്തിട്ടുള്ളത്.
സംഭവത്തില്‍ ജാമിയ മിലിയ വിദ്യാര്‍ഥികളടക്കം ഏതാനും പേരെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. പലരുടെയും ഫോണുകള്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു.

Content Highlights: Jamia Nagar violence: Delhi police releases photos of 70 suspects
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..