ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് സുപ്രീംകോടതി. സമാധാനപരമായ പ്രതിഷേധങ്ങളോട് യോജിക്കുമെന്നും എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ വ്യക്തമാക്കി. ജാമിയ മിലിയ, അലിഗഢ് സര്‍വകലാശാലകളിലെ പോലീസ് നടപടിയില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന ആവശ്യത്തില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കാമെന്നും അദ്ദേഹം അറിയിച്ചു. 

മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ്ങാണ് ജാമിയ മിലിയ, അലിഗഢ് വിഷയം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. ജാമിയ മിലിയയിലെ സംഘര്‍ഷത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നായിരുന്നു ഇന്ദിര ജെയ്‌സിങ്ങിന്റെ ആവശ്യം. സര്‍വകലാശാലകളില്‍ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അവര്‍ വാദിച്ചു.

എന്നാല്‍ ആദ്യം ഈ അക്രമങ്ങളെല്ലാം അവസാനിപ്പിക്കണമെന്നും എന്നിട്ട് സ്വമേധയാ കേസെടുക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

മുതിര്‍ന്ന അഭിഭാഷകനായ കോലിന്‍ ഗോണ്‍സാല്‍വസും ജാമിയ വിഷയം ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ ഉന്നയിച്ചു. ജാമിയയിലുണ്ടായ സംഘര്‍ഷത്തില്‍ റിട്ട.സുപ്രീം കോടതി ജഡ്ജി അന്വേഷണം നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 

എന്നാല്‍ കലാപവും അക്രമവും പൊതുമുതല്‍ നശിപ്പിക്കലും തുടര്‍ന്നാല്‍ ഇതൊന്നും പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തങ്ങളും കാണേണ്ടതില്ലേ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഇക്കാര്യങ്ങളില്‍ ചൊവ്വാഴ്ച വീണ്ടും വാദം കേള്‍ക്കാമെന്നും അറിയിച്ചു.  

അതിനിടെ, ജാമിയ മിലിയ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ഡല്‍ഹി പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിനും കലാപത്തിനുമാണ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. 

Content Highlights: jamia milia issue; indira jaisingh approaches supreme court; chief justice says first let stop riots