ചെന്നൈ: വിദ്യാര്‍ഥി- യുവജന കൂട്ടായ്മ നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായി ജല്ലിക്കെട്ട് നടത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും വഴങ്ങാതെ പ്രതിഷേധക്കാര്‍. താലക്കാലിക പ്രശ്‌ന പരിഹാരത്തിന് പകരം സ്ഥിരം സംവിധാനം വേണമെന്നാണ് സമരക്കാരുടെ ആവശ്യം. ജെല്ലിക്കെട്ട് നടത്താന്‍ സാധിക്കുന്ന തരത്തില്‍ നിയമഭേദഗതി കൊണ്ടുവരണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

അതിനിടെ മധുര ജില്ലയിലെ അളങ്കന്നൂരില്‍ ജെല്ലിക്കെട്ട് നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി  നല്‍കിക്കൊണ്ട് നിയമ നിര്‍മാണമില്ലാതെ ജെല്ലിക്കെട്ടിനോട് സഹകരിക്കില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ മുതിര്‍ന്നവരും കുട്ടികളുമുള്‍പ്പെടെ നിരവധി ആളുകള്‍ സമരം തുടരുകയാണ്. ഇന്ന് രാവിലെ 10 മണിക്കാണ് ജെല്ലിക്കെട്ട് നടത്താന്‍ തീരുമാനിച്ചിരുന്നത്. സ്ഥിരമായ പരിഹാരം ഇല്ലാതെ സമരം പിന്‍വലിക്കില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. ജെല്ലിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന.

അതിനിടെ മധുര, സേലം. ഡിണ്ടിഗല്‍ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ തടയല്‍ ആരംഭിച്ചു. ഓര്‍ഡിനന്‍സ് ഇറക്കിയാലും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍. അളങ്കാനല്ലൂരില്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വമാണ് ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യാനിരുന്നത്. അതോടൊപ്പം ശിവഗംഗ, രാമനാഥപുരം, നാഗപട്ടണം തുടങ്ങിയ എല്ലാവര്‍ഷവും ജല്ലിക്കെട്ട് നടത്തുന്ന ജില്ലകളില്‍ മന്ത്രിമാരും ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യും. ഇതായിരുന്നു സര്‍ക്കാരിന്റെ പദ്ധതി.  

തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന് മുമ്പ് ജെല്ലിക്കെട്ട് നടത്താനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. 1960-ലെ മൃഗസംരക്ഷണ നിയമപ്രകാരം മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന പെറ്റ എന്ന സന്നദ്ദ സംഘടനയാണ് ജെല്ലിക്കെട്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തില്‍ കോടതിയുടെ അന്തിമ തീര്‍പ്പ് വരാനിരിക്കെയാണ് തമിഴ്‌നാട്ടില്‍ സമരം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സമരം തുടരുകയാണ്.