ന്യൂഡല്‍ഹി: ആധാറിന് നിയമ സാധുത നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി സ്വാഗതം ചെയ്ത് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സുപ്രീംകോടതി വിധി ചരിത്രപരമെന്ന് വിശേഷിപ്പിച്ച അദ്ദേഹം ആധാര്‍ നടപ്പാക്കിയതുമൂലം സര്‍ക്കാരിന് 90,000 കോടി ലാഭിക്കാന്‍ സാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.

ഇതൊരു ചരിത്ര വിധിയാണ്. ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ എന്ന ആശയത്തെ കോടതി അംഗീകരിച്ചിരിക്കുന്നുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 

അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും ജയ്റ്റ്ലി മറന്നില്ല. കഴിഞ്ഞ യുപിഎ സര്‍ക്കാരിന് ആധാര്‍ എന്ന ആശയത്തെ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നുപോലും അറിവുണ്ടായിരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ സര്‍ക്കാരാണ് ആധാര്‍ എന്ന എന്ന ആശയത്തിന് ബലം നല്‍കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ആധാര്‍ നടപ്പിലാക്കുന്നത് ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ നേരിട്ട് ലഭിക്കാന്‍ വഴിയൊരുക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

122 കോടി ആളുകള്‍ക്കാണ് ഇപ്പോള്‍ ആധാര്‍ ഉള്ളത്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ അനര്‍ഹരിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആധാര്‍ സഹായിക്കുന്നു. അനര്‍ഹരെ ഒഴിവാക്കാനും അതിലൂടെ 90,000 കോടി രൂപ ഓരോവര്‍ഷവും ലാഭിക്കാനും സര്‍ക്കാരിന് സാധിക്കുന്നുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു.