ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുത്തലാഖ് നിയമം റദ്ദാക്കുമെന്ന മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പ്രഖ്യാപനത്തിനെതിരെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തി. ഷാ ബാനു കേസിലെ സുപ്രീം കോടതി വിധി അട്ടിമറിച്ച പാര്‍ട്ടി 32 വര്‍ഷത്തിനുശേഷം മുസ്‌ലിം സ്ത്രീകളുടെ ജീവിതം ദുരിതത്തിലാക്കാനുള്ള മറ്റൊരു നടപടിക്ക് ഒരുങ്ങുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. ഷാ ബാനു കേസില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് ജീവനാംശം ഉറപ്പാക്കുന്ന സുപ്രീംകോടതി ഉത്തരവ് അട്ടിമറിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വലിയ തെറ്റാണ് ചെയ്തതെന്ന് ജെയ്റ്റ്‌ലി ആരോപിച്ചു. ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകള്‍ ദാരിദ്ര്യത്തിലേക്കും ബുദ്ധിമുട്ടിലേക്കും തള്ളിയിടപ്പെടാന്‍ അത് ഇടയാക്കി. വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ മകന്‍ മറ്റൊരു നടപടിക്ക് ഒരുങ്ങുകയാണെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.

വോട്ടുകള്‍ പ്രധാനമാണ്. രാഷ്ട്രീയ അവസരവാദികള്‍ക്ക് തൊട്ടടുത്ത ദിവസത്തെ വാര്‍ത്തകളുടെ തലക്കെട്ടുകള്‍ മാത്രമാണ് പ്രധാനം. എന്നാല്‍, രാഷ്ട്ര പുനര്‍നിര്‍മാണത്തിന് ശ്രമിക്കുന്നവര്‍ അടുത്ത നൂറ്റാണ്ടിലേക്ക് നോക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുത്തലാഖ് ബില്‍ റദ്ദാക്കുമെന്ന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എ.ഐ.സി.സി ന്യൂനപക്ഷ വിഭാഗം സംഘടിപ്പിച്ച ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു മുത്തലാഖ് വിഷയത്തില്‍ സുഷ്മിത ദേവിന്റെ പ്രഖ്യാപനം. സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ കൊണ്ടുവന്ന മുത്തലാഖ് നിയമം മുസ്‌ലിം പുരുഷന്മാരെ ജയിലില്‍ അടയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആയുധമാണെന്നും അവര്‍ ആരോപിച്ചിരുന്നു.

Content Highlights: Triple Talaq, Congress, Arun Jaitley