ന്യൂഡല്‍ഹി: മാനനഷ്ടക്കേസ് കൊടുത്ത് പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും അന്വേഷണവുമായി സഹകരിച്ച് സത്യം തെളിയിക്കാനാണ് അരുണ്‍ ജെയ്റ്റ്‌ലി ശ്രമിക്കേണ്ടതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍.
എത്ര കേസ് കൊടുത്താലും അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും ട്വിറ്റര്‍ സന്ദേശത്തിലൂടെ കെജ് രിവാള്‍ വ്യക്തമാക്കി. തനിക്കും മറ്റ് നാല് എ.എ.പി നേതാക്കള്‍ക്കുമെതിരെ കോടതിയില്‍ നേരിട്ടെത്തി കേസ് ഫയല്‍ ചെയ്ത ജെയ്റ്റ്‌ലിയുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെജ് രിവാളിന് പുറമെ സഞ്ജയ് സിങ്, രാഘവ് ഛദ്ദ, അശുതോഷ്, ദീപക് ബാജ് പേയി എന്നീ ആം ആദ്മി നേതാക്കള്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.
പത്ത് കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനുമായി (ഡി.ഡി.സി.എ) ബന്ധപ്പെട്ട് ജെയ്റ്റ്‌ലിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പേരിലാണ് നടപടി. തനിക്കും കുടുംബത്തിനും എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നാണ് ജെയ്റ്റ്‌ലിയുടെ പരാതി. ഡി.ഡി.സി.എ ക്രമക്കേടുകളില്‍ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.