ന്യൂഡല്‍ഹി: യു.എ.ഇ. ഇന്ത്യയ്ക്ക് കൈമാറിയ ജെയ്‌ഷെ ഭീകരന്‍ നിസാര്‍ അഹമ്മദ് താന്ത്രെയ്ക്ക് ഫെബ്രുവരി 14-ലെ പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ മുദസ്സിര്‍ ഖാന്‍ ആക്രമണത്തെക്കുറിച്ച് നിസാര്‍ അഹമ്മദുമായി സംസാരിച്ചെന്നും ഇയാളോട് ആക്രമണത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

ലെത്‌പോറയിലെ സി.ആര്‍.പി.എഫ്. ക്യാമ്പിന് നേരെ 2017 ഡിസംബറില്‍ നടന്ന ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനാണ് നിസാര്‍ അഹമ്മദ് താന്ത്രെ. ഈ വര്‍ഷം ഫെബ്രുവരിയില്‍ വിദേശത്തേക്ക് കടന്ന ഇയാള്‍ യു.എ.ഇ.യില്‍ വെച്ചാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച യു.എ.ഇ. ഇയാളെ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. 

ഇന്ത്യയിലെത്തിച്ച നിസാര്‍ അഹമ്മദിനെ വിശദമായി ചോദ്യംചെയ്തപ്പോളാണ് പുല്‍വാമ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് പുതിയ വിവരങ്ങള്‍ ലഭിച്ചത്. സാമൂഹികമാധ്യമത്തിലൂടെയാണ് മുദസ്സിര്‍ ഖാന്‍ നിസാര്‍ അഹമ്മദുമായി ബന്ധപ്പെട്ടത്. ഫെബ്രുവരി പകുതിയോടെ പുല്‍വാമയില്‍ സൈനികരുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്ന് മുദസ്സിര്‍ ഖാന്‍ നിസാര്‍ അഹമ്മദിനെ അറിയിച്ചിരുന്നു. ഇതിനായി സഹായം നല്‍കണമെന്നും നേരത്തെ കശ്മീര്‍ താഴ്‌വരയില്‍ ജെയ്‌ഷെ കമാന്‍ഡറായി പ്രവര്‍ത്തിച്ചിരുന്ന നിസാര്‍ അഹമ്മദിനോട് ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, ഫെബ്രുവരി 14-ലെ പുല്‍വാമ ഭീകരാക്രമണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് നിസാര്‍ അഹമ്മദ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഈ വാദം അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വാസത്തിലെടുത്തിട്ടില്ല. പുല്‍വമാ ആക്രമണത്തിനു ആഴ്ചകള്‍ക്ക് മുമ്പ് വിദേശത്തേക്ക് കടന്ന ഇയാള്‍ക്ക് ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ടെന്നും പിടിക്കപ്പെടാതിരിക്കാനാണ് യു.എ.ഇ.യിലേക്ക് കടന്നതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. 

Content Highlights: jaishe mohammed terrorist nisar ahammed says he knew about pulwama terror attack