ന്യൂഡല്‍ഹി:  പാകിസ്താന്‍ സൈന്യവും ഭീകരസംഘടനകളും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുമായി ഇന്ത്യന്‍ സൈന്യം. പാക് സൈന്യം ഉപയോഗിക്കുന്ന അതേ തോക്കുകള്‍ ജെയ്‌ഷെ ഭീകരില്‍നിന്ന് പിടിച്ചെടുത്തതാണ് ഭീകരവാദികളും പാക് സൈന്യവും തമ്മിലുള്ള ബന്ധത്തിന്റെ തെളിവായി ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടത്. 

പാക് സൈന്യം ഉപയോഗിക്കുന്ന അമേരിക്കന്‍ നിര്‍മിത എം4 റൈഫിളുകളാണ് കഴിഞ്ഞദിവസം ജെയ്‌ഷെ ഭീകരില്‍നിന്ന് ഇന്ത്യന്‍ സൈന്യം കണ്ടെടുത്തത്. ബുധ്ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ പാക് സ്വദേശികളെന്ന് കരുതുന്ന രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എം4 റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തത്.  ജെയ്‌ഷെ ഭീകരില്‍നിന്ന് എം4 റൈഫിളുകള്‍ കണ്ടെടുത്തത് പാക് സൈന്യവും ഭീകരവാദികളും തമ്മിലുള്ള ബന്ധം  തെളിയിക്കുന്നതാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

കഴിഞ്ഞ ആറുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് ഭീകരവാദികളുടെ കൈയില്‍നിന്ന് എം4 റൈഫിളുകള്‍ കണ്ടെടുക്കുന്നത്. 2017-ല്‍ ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ അനന്തരവന്‍ തല്‍ഹാ റാഷിദുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഭീകരവാദികളുടെ കൈയില്‍നിന്ന് ആദ്യമായി എം4 റൈഫിളുകള്‍ കണ്ടെത്തുന്നത്. 

Content Highlights: jaish terrorists in kashmir found with us made m4 rifles which is used by pak army