ന്യൂഡല്‍ഹി: പിടിയിലായ ജയ്‌ഷെ മുഹമ്മദ് തീവ്രവാദികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫീസിനും വീടിനും അധിക സുരക്ഷ ഏര്‍പ്പെടുത്തി. പാകിസ്താനില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഡോവലിനെ ലക്ഷ്യമിട്ടുകൊണ്ട് സര്‍ദാര്‍ പട്ടേല്‍ ഭവനിലും തലസ്ഥാനത്തെ മറ്റിടങ്ങളില്‍ വച്ചും ഗൂഢാലോചനകള്‍ നടന്നുവെന്നാണ് ഇവരില്‍ നിന്ന് വിവരം ലഭിച്ചത്‌.

2016-ലെ ഉറി മിന്നലാക്രമണത്തിനും 2019-ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിനും ശേഷം പാക് ഭീകരവാദ സംഘടനകളുടെ പ്രധാന ലക്ഷ്യമാണ് ഡോവല്‍. 

ഫെബ്രുവരി ആറിന് അറസ്റ്റിലായ ഷോപ്പിയാന്‍ സ്വദേശിയായ ജയ്‌ഷെ ഭീകരന്‍ ഹിദായത്തുല്ല മാലിക്കില്‍ നിന്നാണ് ഡോവലിനുള്ള ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കും വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ട്.

ഹിദായത്തുല്ല മാലിക് 2019 മെയ് 24-ല്‍ ശ്രീനഗറില്‍ നിന്ന് വിമാനത്തില്‍ ഡല്‍ഹിയിലെത്തുകയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസും സുരക്ഷാ സന്നാഹങ്ങളും വീഡിയോയില്‍ പകര്‍ത്തിയ ശേഷം  വാട്‌സാപ്പ് വഴി പാകിസ്താനിലുള്ളവര്‍ക്ക് അയച്ചു നല്‍കിയെന്നടക്കുള്ള കാര്യങ്ങളാണ് ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തിയത്. 

2020 മെയ് മാസത്തില്‍ ചാവേര്‍ ആക്രമണത്തിന് മാലിക്  കാര്‍ നല്‍കിയെന്നും നവംബറില്‍ ജമ്മുകശ്മീര്‍ ബാങ്കില്‍ നിന്ന് 60 ലക്ഷം കൊള്ളയടിച്ചതായും വെളിപ്പെടുത്തിയിട്ടുണ്ട്.

Content Highlights:  Jaish terrorist reveals-security dragnet has been placed at the office and residence of  Ajit Doval