ന്യൂഡല്‍ഹി: ഒരു രാഷ്ട്രീയ പാര്‍ട്ടി വിട്ട് മറ്റൊന്നിലേക്ക് ചേക്കേറുന്നത് ബാങ്കില്‍ ചേരുന്നത് പോലെ നിസാരമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ്. ബിജെപിയില്‍ 40 വര്‍ഷം തുടരുന്ന ഒരാള്‍ക്ക് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്ന ഒരാള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ബഹുമാനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ജയറാം രമേഷ് ഇക്കാര്യം വ്യക്തമാക്കിയത്. 

ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ എന്നിവര്‍ ബിജെപിയിലേക്ക് പോയതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ഒരു അമേരിക്കന്‍ സുഹൃത്ത് ചോദിക്കുകയുണ്ടായി, അമേരിക്കയില്‍ ആളുകള്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അതില്‍ ഏറ്റവും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും. എന്നാല്‍ വിവാഹം ചെയ്യുമ്പോള്‍, അവര്‍ക്ക് വിവാഹ മോചനമെന്നത് തള്ളിക്കളയാനാവാത്ത ഒന്നാണ്. അതേസമയം ഇന്ത്യയില്‍, വിവാഹം ചെയ്യുമ്പോള്‍ വിവാഹമോചനത്തെക്കുറിച്ച് ആലോചിക്കില്ല, പക്ഷെ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുമ്പോള്‍ മറ്റൊന്നിനെക്കുറിച്ച് ആലോചിച്ചുകൊണ്ടേയിരിക്കും.

ജിതിന്‍ പ്രസാദ പോയതില്‍ ദുഃഖമുണ്ട്. പാര്‍ട്ടിയില്‍ അദ്ദേഹം വളരുന്നത് താന്‍ കണ്ടിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി ഇരുവര്‍ക്കും എല്ലാം നല്‍കി, എന്നാല്‍ അക്കരെ പച്ച എന്നാണ് തോന്നിയത്. ജന്മപാരമ്പര്യം കൊണ്ട് ഗുണം ലഭിക്കാതെ പോയ, വെള്ളിത്തളികയില്‍ എല്ലാ കാര്യങ്ങളും ലഭിക്കാതെ പോയ, പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാവും പകലും പണിയെടുക്കുന്ന നൂറുകണക്കിന് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടെന്നിരിക്കെയാണ് എല്ലാ ഗുണവും ലഭിച്ചിട്ടുമുള്ള ഈ പോക്ക്. 

'ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത് ഒരു ബാങ്കില്‍ ചേരുന്നത് പോലെയല്ല ഞാന്‍ കാണുന്നത്. നിങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത് അതിന്റെ പ്രവര്‍ത്തനങ്ങളും പ്രത്യയശാസ്ത്രവുമൊക്കെ കൊണ്ടല്ലേ. എന്നെ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടി എന്നത് ഒരു തൊഴില്‍ അല്ല. ഒരു പ്രതിബദ്ധതയുടേയും മൂല്യങ്ങളുടേയും അടിസ്ഥാനത്തിലാണ് നിങ്ങള്‍ അത് ചെയ്യുന്നത്. ആ മൂല്യങ്ങളോട് ചേര്‍ന്നുനില്‍ക്കാനാവില്ലെന്ന് പെട്ടെന്ന്‌ നിങ്ങള്‍ തിരിച്ചറിയുന്നു. ! ആളുകള്‍ രാഷ്ട്രീയ പാര്‍ട്ടി മാറുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ബിജെപിയില്‍ ചേരുന്ന ഒരു കോണ്‍ഗ്രസുകാരനേക്കാള്‍ കൂടുതല്‍ ബഹുമാനം 40 വര്‍ഷമായി ബിജെപിയില്‍ തുടരുന്ന ഒരാളോട് എനിക്കുണ്ടാവും.' 

'കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് താന്‍ പറയില്ല, തീര്‍ച്ചയായും പ്രശ്‌നങ്ങളുണ്ട്. 2014ലും 2019ലും ഞങ്ങള്‍ക്ക് നല്ല പ്രകടനം കാഴ്ചവെക്കാനായില്ല. കോണ്‍ഗ്രസ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും, ആദര്‍ശങ്ങളെക്കുറിച്ചും ജനങ്ങളെ കൂടുതല്‍ അറിയിക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടി എന്തിന് വേണ്ടിയാണോ നിലകൊള്ളുന്നത് എന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കണം. പക്ഷെ ഒരു ജിതിന്‍ പ്രസാദയോ, ഒരു സിന്ധ്യയോ പോയതുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ച്ചയിലാണ് എന്നുപറയുന്നതിനോട് തനിക്ക് യോജിക്കാനാവില്ല' അദ്ദേഹം വിശദീകരിച്ചു. 

Content Highlights; Jairam Ramesh: Joining a party isn’t like joining a bank