ജയ്പുർ: സഹപ്രവർത്തകയ്ക്ക് നേരെയുണ്ടായ പീഡനശ്രമം തടയാൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ ആക്രമണത്തെ തുടർന്ന് മരിച്ചു. രാജസ്ഥാനിലെ ജയ്പുരിൽ ബുധനാഴ്ചയാണ് സംഭവം.

രാത്രി പതിനൊന്നരയോടെ ഭക്ഷണം കഴിക്കാൻ ദാബയിലെത്തിയതായിരുന്നു മാധ്യമപ്രവർത്തകനായ അഭിഷേക് സോണിയും സുഹൃത്തും. അതേ സമയത്ത് തന്നെ ബൈക്കിൽ അവിടെയെത്തിയ മൂന്നു പേരും മാധ്യമപ്രവർത്തകരും തമ്മിൽ തർക്കമുണ്ടായതായി മാൻ സരോവർ പോലീസ് സ്റ്റേഷൻ ഓഫീസർ ദിലീപ് കുമാർ പറഞ്ഞു.

കലഹത്തിനിടെ തലയ്ക്ക ഗുരുതരമായി പരിക്കേറ്റ അഭിഷേക് സോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും അക്രമികളെ എത്രയും വേഗം പിടികൂടുമെന്നും ദിലീപ് കുമാർ അറിയിച്ചു. ഐപിസി 307 -ാം വകുപ്പനുസരിച്ച് വധശ്രമത്തിനാണ് പോസീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Content Highlights: Jaipur Journalist Attacked For Stopping Colleague's Molestation, Dies