കോളിളക്കം സൃഷ്ടിച്ച ജയിന്‍ ഹവാല കേസ്; ഡയറിയിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍, ആരോപണം നേരിട്ടത് പ്രമുഖര്‍


സ്വന്തം ലേഖകന്‍

കശ്മീരില്‍ അറസ്റ്റിലായ ഭീകരവാദികളെക്കുറിച്ചുള്ള അന്വേഷണമാണ് ഹവാല ഇടപാടുകാര്‍ക്കെതിരായ സിബിഐ റെയ്ഡിലേക്കും തുടര്‍ന്ന് വിവാദ ഡയറികള്‍ കണ്ടെത്തുന്നതിലേക്കും നയിച്ചത്.

Representational Image, Image Credit: Pixabay

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതിനിടെ വീണ്ടും ഉയര്‍ന്നുവരുന്നത് 90-കളില്‍ കോളിളക്കം സൃഷ്ടിച്ച ജെയിന്‍ ഹവാല കേസ്. സിപിഎം മുഖപത്രത്തിലെ ലേഖനത്തിലൂടെയാണ് കേസ് വീണ്ടും ചര്‍ച്ചയാക്കാനുള്ള നീക്കം. 1991 -ല്‍ ഹവാല ഇടപാടുകാരനായ എസ്.കെ ജയിനിന്റെയും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും കെട്ടിടങ്ങളില്‍ സിബിഐ നടത്തിയ റെയ്ഡിനിടെ കണ്ടെത്തിയ ഡയറികളില്‍ കണ്ടെത്തിയ ഇംഗ്ലീഷ് അക്ഷരങ്ങളാണ് വന്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്. പലര്‍ക്കും പണം നല്‍കിയതിന്റെ വിവരങ്ങളാണ് ഡയറിയില്‍ ഉള്ളതെന്നാണ് വാര്‍ത്ത പുറത്തുവന്നത്. ഡയറിയിലുള്ള ഇംഗ്ലീഷ് അക്ഷരങ്ങള്‍ പലതും രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്തുന്നതാണെന്നും വിവരങ്ങള്‍ പുറത്തുവന്നു. അഞ്ച് ലക്ഷം മുതല്‍ 65 ലക്ഷം വരെ പലര്‍ക്കും നല്‍കിയതായി സൂചന നല്‍കുന്നതായിരുന്നു ഡയറിയിലെ വിവരങ്ങള്‍.

115 പേര്‍ക്കായി 65 കോടി രൂപയാണ് നല്‍കിയതെന്ന് വെളിപ്പെടുത്തുന്ന ലേഖനം 1997 ല്‍ ഔട്ട്‌ലുക്ക് പ്രസിദ്ധീകരിച്ചിരുന്നു. മാധവറാവു സിന്ധ്യ, എല്‍.കെ അദ്വാനി, വി.സി ശുക്ല, ദേവിലാല്‍, ശരദ് യാദവ്, ബല്‍റാം ഝാക്കര്‍, മദന്‍ ലാല്‍ ഖുറാന തുടങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അടക്കമുള്ള വിവിധ പാര്‍ട്ടികളിലെ നേതാക്കളുടെ പേരുകളെല്ലാം ഡയറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളാണ് അന്ന് പുറത്തുവന്നത്. ഡയറിയിലെ പേര് വിവരങ്ങള്‍ വന്‍ കോളിളക്കം സൃഷ്ടിച്ച രാജ്യത്തെ ആദ്യ കേസുകളില്‍ ഒന്നായിരുന്നു അത്.

ഡയറി കണ്ടെത്തുന്നത് ഭീകരവാദികളുടെ അറസ്റ്റിന് പിന്നാലെ

പ്രതീകാത്മക ചിത്രം | ANI

കശ്മീരില്‍ അറസ്റ്റിലായ ഭീകരവാദികളെക്കുറിച്ചുള്ള അന്വേഷണമാണ് ഹവാല ഇടപാടുകാര്‍ക്കെതിരായ സിബിഐ റെയ്ഡിലേക്കും തുടര്‍ന്ന് വിവാദ ഡയറികള്‍ കണ്ടെത്തുന്നതിലേക്കും നയിച്ചത്. ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധമുള്ള അഷ്ഫാക് ഹുസൈന്‍ ലോണ്‍ എന്ന ഭീകരവാദി ഡല്‍ഹിയില്‍ അറസ്റ്റിലായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ലോണിനെ ചോദ്യം ചെയ്തതില്‍നിന്ന് സത്യേന്ദ്രകുമാര്‍ ജെയിന്‍ അടക്കമുള്ള ഹവാല ഇടപാടുകാരാണ് ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നത് എന്ന വിവരം പോലീസിന് ലഭിച്ചു. ഇതേത്തുടര്‍ന്നാണ് ജയിനിന്റെയും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും വീടുകളില്‍ സിബിഐ വ്യാപക റെയ്ഡ് നടത്തുന്നത്. റെയ്ഡിനിടെ ഇന്ത്യന്‍ കറന്‍സിയും, വിദേശ കറന്‍സികളും രണ്ട് ഡയറികളും രണ്ട് നോട്ട് ബുക്കുകളും സിബിഐ കണ്ടെത്തിയിരുന്നു. പലര്‍ക്കും പണം നല്‍കിയതിന്റെ രേഖകളായിരുന്നു ഡയറിയില്‍.

എന്നാല്‍ പണം നല്‍കിയവരുടെ പേരിന് പകരം ഇനിഷ്യലുകളാണ് ഉണ്ടായിരുന്നത്. ഇനിഷ്യലുകള്‍ പലതും രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകളാണെന്ന അഭ്യൂഹം ഇതോടെ പ്രചരിച്ചു. ഇതാണ് രാഷ്ട്രീയ കോളിളക്കത്തിന് വഴിവച്ചത്.

വിവാദത്തില്‍പ്പെട്ടത് പ്രമുഖ നേതാക്കള്‍

മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി, കോണ്‍ഗ്രസ് നേതാക്കളായിരുന്ന മാധവറാവു സിന്ധ്യ, ബല്‍റാം ഝാക്കര്‍, അര്‍ജുന്‍ സിങ് തുടങ്ങിയവരെല്ലാം ജെയിന്‍ ഹവാല ഡയറി ഉയര്‍ത്തിയ വിവാദ കൊടുങ്കാറ്റില്‍പ്പെട്ടു. മാധവറാവു സിന്ധ്യ 75 ലക്ഷം കൈപ്പറ്റിയെന്നാണ് ഉയര്‍ന്ന ആരോപണം. MRS എന്നീ അക്ഷരങ്ങളും മാധവറാവു സിന്ധ്യ എന്ന പേരും ജയിനിന്റെ ഡയറിയില്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. സിന്ധ്യ റെയില്‍വെയുടെ സ്വതന്ത്ര ചുമതല ഉണ്ടായിരുന്ന സഹമന്ത്രിയായിരുന്ന 1986 - 89 കാലത്തെ ഇടപാടുകളുടെ വിവരങ്ങളാണ് ഡയറിയില്‍ ഉണ്ടെതെന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ സിന്ധ്യക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ബല്‍റാം ഝാക്കറിനെതിരെ ഉയര്‍ന്നത് 83.24 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണം ആയിരുന്നു. അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് ഡയറിയില്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. ജയിന്‍ സഹോദരന്മാര്‍ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ഫോട്ടോയും പരിശോധനക്കിടെ ലഭിച്ചിരുന്നു. ഝാക്കര്‍ ലോക്‌സഭാ സ്പീക്കറും കൃഷി മന്ത്രിയും ആയിരുന്ന കാലത്ത് ജയിന്‍ സഹോദരന്മാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന വിവരങ്ങളും അന്ന് പുറത്തുവന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെയും തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നാണ് അന്വേഷണം സംഘം വ്യക്തമാക്കിയത്.

രണ്ടു തവണ ഉപപ്രധാനമന്ത്രി ആയിരുന്ന ദേവിലാല്‍ 1 ലക്ഷം കൈപ്പറ്റിയെന്ന ആരോപണമാണ് അന്ന് ഉയര്‍ന്നത്. D Lai എന്നാണ് ഡയറിയില്‍ ഉണ്ടായിരുന്നത്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിക്കെതിരെ ഉയര്‍ന്നത് എസ്.കെ ജയിനില്‍നിന്ന് 60 ലക്ഷം വാങ്ങിയെന്ന ആരോപണമാണ്. LKA എന്നീ അക്ഷരങ്ങളാണ് ജെയിനിന്റെ ഡയറിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹത്തിനെതിരെയും തെളിവൊന്നും കണ്ടെത്താനായില്ല. 10.5 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ സിങ്ങിനെതിരെ ആരോപണം ഉയര്‍ന്നത്. AS എന്നീ അക്ഷരങ്ങളാണ് ജയിന്റെ ഡയറിയില്‍ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പൂര്‍ണമായ പേരും ഡയറിയില്‍ ഉണ്ടായിരുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

മുതിര്‍ന്ന ബിജെപി നേതാവായിരുന്ന യശ്വന്ത സിന്‍ഹ 21.18 ലക്ഷം കൈപ്പറ്റിയെന്നാണ് ജയിന്‍ ഹവാല കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണം. YS എന്നീ അക്ഷരങ്ങളും Y Sinha എന്ന പേരുമാണ് ഡയറിയില്‍ ഉണ്ടായിരുന്നത് എന്നാണ് പുറത്തുവന്ന വിവരം. സിന്‍ഹ ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് ജയിന്‍ സഹോദരങ്ങള്‍ അദ്ദേഹത്തെ പതിവായി സന്ദര്‍ശിച്ചിരുന്നുവെന്നും ഒരാളുടെ മകളുടെ ജന്മദിന പാര്‍ട്ടില്‍ പങ്കെടുക്കാന്‍ അദ്ദേഹം അവരുടെ ഫാം ഹൗസില്‍ എത്തിയിരുന്നുവെന്നും അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെയും അന്വേഷണ സംഘത്തിന് തെളിവൊന്നും കണ്ടെത്താനായില്ല.

ആരിഫ് മുഹമ്മദ് ഖാനെതിരായ ആരോപണം

ആരിഫ് മുഹമ്മദ് ഖാന്‍ | Mathrubhumi archives

ആരിഫ് മുഹമ്മദ് ഖാന്‍ 6.5 കോടിരൂപ കൈപ്പറ്റിയെന്ന ആരോപണമാണ് അന്ന് ഉയര്‍ന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്തിരുന്നു. A.M എന്നീ അക്ഷരങ്ങള്‍ ആരിഫ് മുഹമ്മദ് ഖാനെ സൂചിപ്പിക്കുന്നത് ആയിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. ഗുജറാത്തിലെ കവാസ് പവര്‍ പ്ലാന്റുമായി ബന്ധപ്പെട്ട കരാര്‍ ഫ്രഞ്ച് കമ്പനിയായ അല്‍സ്‌തോമിന് നല്‍കിയതുമായി ബന്ധപ്പെട്ടാണ് അന്ന് ആരോപണം ഉയര്‍ന്നത്. അല്‍സ്‌തോമിന്റെ ഇടനിലക്കാരനായിരുന്നു എസ്.കെ ജയിന്‍ എന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്വേഹത്തിനെതിരെ തെളിവുകളൊന്നും അന്വേഷണത്തില്‍ കണ്ടെത്താനായില്ല. കേന്ദ്രമന്ത്രിയെന്ന പദവി ദുരുപയോഗം ചെയ്ത് ജയിന് സഹായം നല്‍കിയതിനും പ്രതിഫലം പറ്റിയതിനും തെളിവില്ലെന്നും ആയിരുന്നു കണ്ടെത്തല്‍.

Content Highlights: Jain Hawala Case 1990s Governor Arif Muhammed Khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented