ന്യൂഡല്‍ഹി: ഹാഥ്റസിലേക്കുള്ള യാത്രക്കിടയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് രോഗാതുരയായ മാതാവിനെ കാണാന്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കേരളം സന്ദര്‍ശിക്കാന്‍ അഞ്ച് ദിവസത്തേക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മനുഷ്യത്വപരമായ കാരണങ്ങളില്‍ ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.

കുടുംബാംഗങ്ങള്‍, അമ്മയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ എന്നിവര്‍ ഒഴികെ മറ്റാരുമായും സിദ്ദിഖ് കാപ്പന്‍ സംസാരിക്കാന്‍ പാടില്ല. പൊതുജനങ്ങളെ കാണുന്നതിനും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതിനും വിലക്കുണ്ട്. താമസം വീട്ടില്‍ ആയിരിക്കണം. അമ്മയെ കാണുമ്പോള്‍ പോലീസ് ഒപ്പം ഉണ്ടാകാന്‍ പാടില്ല. സിദ്ദിഖ് കാപ്പന്റെ സുരക്ഷ ചുമതല ഉത്തര്‍പ്രദേശ് പോലീസിനായിരിക്കും. എന്നാല്‍ ഉത്തര്‍ പോലീസ് ആവശ്യപ്പെട്ടാല്‍ കേരള പോലീസ് സഹായം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

കാപ്പന്റെ മാതാവ് അതീവ ഗുരുതരാവസ്ഥയിലാണെന്നും രണ്ടോ മൂന്നോ ദിവസത്തിലധികം ജീവിക്കാന്‍ ഇടയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും ഇടക്കാല ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച കേരള പത്ര പ്രവര്‍ത്തക യൂണിയന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത് മനുഷ്യത്വപരമായ വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യസമര സേനാനിയും രക്തസാക്ഷിയും എന്ന് ചിത്രീകരിച്ച് കാപ്പന് വേണ്ടി കേരളത്തില്‍ പോസ്റ്റാറുകളും ബാനറുകളും ഉയരുന്നതായി ഉത്തര്‍പ്രദേശ് പോലീസിന് വേണ്ടി ഹാജര്‍ ആയ തുഷാര്‍ മേത്ത വാദിച്ചു. കേസ് നടത്തിപ്പിന് വേണ്ടി വ്യാപകമായ പണപിരിവ് നടക്കുകയാണ്. കേരളം മുഴുവന്‍ കാപ്പനെ പ്രദര്‍ശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. അമ്മയുടെ ആരോഗ്യനില സംബന്ധിച്ച ഒരു മെഡിക്കല്‍ രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു.

രോഗശയ്യയില്‍ ആയിരുന്ന അമ്മയെ കാണാന്‍ അബ്ദുല്‍ നാസര്‍ മദിനിക്ക് മുമ്പ് ഉപാധികളോടെ ജാമ്യം അനുവദിച്ച കാര്യം ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അവസാന നിമിഷങ്ങളില്‍ ഒരു അമ്മയ്ക്ക് മകനെ കാണുന്നതിനെ മനുഷ്യത്വപരമായാണ് കാണേണ്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കപ്പാന്‍ വീടിന് പുറത്തേക്ക് ഇറങ്ങരുതെന്ന് ഉത്തരവില്‍ രേഖപെടുത്തണം എന്ന തുഷാര്‍ മേത്തയുടെ ആവശ്യത്തെയും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.

Content Highlights: Jailed Kerala Journalist Siddique Kappan Gets 5 Days' Bail To Meet Mother