.jpg?$p=2a2b9d2&f=16x10&w=856&q=0.8)
ജഹാംഗീർപുരിയിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നു | Photo: ANI, Reuters
ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവ്. കയ്യേറ്റം ഒഴിപ്പിക്കുന്നത് തടഞ്ഞ് കഴിഞ്ഞ ദിവസം കോടതി പുറത്തിറക്കിയ ഉത്തരവ് തുടരും. ഹര്‍ജികളില്‍ മറുപടി നല്കാന് കോടതി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് എതിരായ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടികള്‍ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെയ്ക്കുന്നതാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് ദുഷ്യന്ത് ദവെ കോടതിയില്‍ പറഞ്ഞു.
ഇത് ജഹാംഗീര്‍പുരിയിലെ മാത്രം വിഷയമല്ല. രാജ്യത്തെ മുഴുവന്‍ ബധിക്കുന്ന പ്രശ്നമാണ്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടാണ് നടപടി. രാജ്യത്തിന്റെ സാമൂഹിക ഐക്യത്തിന്റെ പ്രശ്നമാണ് ഇത്. സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രീം കോടതി ഉത്തരവിറക്കിയിട്ടും പൊളിക്കല്‍ നടപടി തുടര്‍ന്നു. ഇത് അനുവദിച്ചാല്‍ നിയമവാഴ്ച ബാക്കിയുണ്ടാവില്ല. സര്‍ക്കാര്‍ നയത്തിന്റെ ഉപകരണമാണോ ബുള്‍ഡോസറെന്നും ദുഷ്യന്ത് ദവെ ചോദിച്ചു.
ഡല്‍ഹിയില്‍ 731 അനധികൃത കോളനികള്‍ ഉണ്ട്. അതില്‍ നിന്ന് ഒരെണ്ണം മാത്രം തിരഞ്ഞെടുത്ത് ഒഴിപ്പിക്കുകയാണ്. ഒരു സമുദായത്തെ ലക്ഷ്യമിടുകയാണ്. വീടുകള്‍ പൊളിച്ചതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും ദവെ ചോദിച്ചു.
ഏതെങ്കിലും ഒരു മതവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമല്ല അനധികൃത കയ്യേറ്റം നടത്തുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ പറഞ്ഞു. ഒരു സമുദായത്തെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടതിനു ശേഷമാണ് പൊളിക്കല്‍ നടപടികള്‍ നടത്തിയത്. ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ തടയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജഹാംഗീര്‍പുരിയില്‍ പൊളിച്ച കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ബൃന്ദ കാരാട്ടിന് വേണ്ടി ഹാജരായ അഭിഭാഷകരായ പി.വി സുരേന്ദ്രനാഥ്, കെ.ആര് സുഭാഷ് ചന്ദ്രന് എന്നിവര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും 12.45 വരെ പൊളിക്കല്‍ നടപടികള്‍ തുടര്‍ന്നുവെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വച്ചു എന്ന ആരോപണം തെറ്റാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിശദീകരിച്ചു. ജഹാംഗീര്‍പുരിയില്‍ നടപ്പാതകളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ജനുവരി മുതല്‍ ഒഴിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. നടപ്പാതകളിലെ അനധികൃത നിര്‍മാണങ്ങള്‍ നീക്കാന്‍ ഹൈകോടതി ഉത്തരവ് ഉണ്ടായിരുന്നു. മധ്യപ്രദേശില്‍ പൊളിച്ച കെട്ടിടങ്ങളില്‍ 88 എണ്ണം ഹിന്ദുക്കളുടേതാണ്. മുപ്പതില്‍ താഴെ കെട്ടിടങ്ങള്‍ മാത്രമാണ് മുസ്ലിങ്ങളുടേതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം രാജ്യത്താകമാനമുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ തടയാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഒഴിപ്പിക്കല്‍ നടപടികളില്‍ തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചു. ഇന്നലത്തെ ഉത്തരവ് തുടരും. ഹര്‍ജികളില്‍ മറുപടി നല്കാന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
ജസ്റ്റിസുമാരായ എല്‍ നാഗേശ്വര്‍ റാവു, ബി ആര് ഗവായ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് കേസ് പരിഗണിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..